തൊടുപുഴ: അപകടകരമായ രീതിയിൽ വൈദ്യുതി പോസ്റ്റുകൾ ഒരു നിയന്ത്രണവും ഇല്ലാതെ റോഡരുകിൽ തള്ളുന്നു.ഇത്‌ സംബന്ധിച്ച് ജനങ്ങളിൽ നിന്ന് വ്യാപകമായ പ്രതിഷേധങ്ങൾ ഉയരുമ്പോഴും അതോന്നും വകവെക്കാതെ വൈദ്യുതി വകുപ്പ് അധികൃതർ വീണ്ടും റോഡരുകിലേക്ക് പോസ്റ്റുകൾ തള്ളുകയാണ്.തൊടുപുഴ നഗരസഭ പരിധിയിലേയും സമീപ പഞ്ചായത്ത്‌ പ്രദേശങ്ങളിലേയും റോഡരുകിൽ വ്യാപകമായിട്ടാണ് വൈദ്യുതി പോസ്റ്റുകൾ തള്ളിയിരിക്കുന്നത്.പത്ത് മുതൽ നൂറോളം പോസ്റ്റുകളാണ് ഓരോ റോഡിന്റെയും വശങ്ങളിൽ കൂട്ടിയിട്ടിരിക്കുന്നത്.ചിലത് ഉപയോഗ ശൂന്യമായതും മറ്റ് ചിലത് പുതിയതുമാണ്.വൈദ്യുതി വകുപ്പ് ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച പുതിയ പോസ്റ്റുകളിൽ മിക്കതും റോഡരുകിൽ തള്ളിയിട്ട് രണ്ടും മൂന്നും വർഷങ്ങൾ കഴിഞ്ഞു.ബന്ധപ്പെട്ട അധികൃതർ പിന്നീട് ഇവിടേക്ക് തിരിഞ്ഞ് നോക്കാത്ത അവസ്ഥയാണെന്നും പറയുന്നു.പഴകി ദ്രവിച്ച് അപകടാവസ്ഥയിലായ വൈദ്യുതി പോസ്റ്റുകൾ മാറ്റി പുതിയത് സ്ഥാപിക്കണമെന്ന അപേക്ഷകളുമായി ജനങ്ങൾ വൈദ്യുതി വകുപ്പിന്റെ വിവിധ ഓഫീസുകളിൽ ഏറെ നാളുകളായി കയറി ഇറങ്ങുമ്പോഴാണ് റോഡരുകിൽ വ്യാപകമായി കൂട്ടിയിട്ടിരിക്കുന്നത്.ഒടിഞ്ഞതും ഉപയോഗ ശൂന്യമായ പോസ്റ്റുകളും മിക്കവാറും സ്ഥലങ്ങളിൽ കുന്ന് പോലെയാണ് കൂടികിടക്കുന്നത്.റോഡിലെ അപകടാവസ്ഥ പരിഹരിക്കാൻ ഇതെല്ലാം നീക്കം ചെയ്യണമെന്ന് തദ്ദേശ സ്ഥാപന ജനപ്രതിനിധികളും മറ്റ് സംഘടന പ്രവർത്തകരും ഉൾപ്പെടെയുള്ളവർ വൈദ്യുതി വകുപ്പ് അധികൃതരെ സമീപിച്ചിട്ടും ഒരു നടപടിയും സ്വീകരിക്കുന്നില്ല. ശക്തമായ കാറ്റിലും മഴയത്തും മറിഞ്ഞും ഒടിഞ്ഞും അപകടാവസ്ഥയിലായ നൂറ് കണക്കിന് വൈദ്യുതി പോസ്റ്റുകളാണ് വിവിധ തദ്ദേശ സ്ഥാപന വാർഡുകളിലുള്ളത്.ഇത്‌ സംഭന്ധിച്ച് തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ വൈദ്യുതി വകുപ്പ് അധികൃതരെ സമീപിക്കുമ്പോൾ പുതിയ പോസ്റ്റുകൾ ലഭ്യമല്ല എന്ന് പറഞ്ഞ് മടക്കി അയക്കുന്ന സംഭവങ്ങളുമുണ്ട്. വീതി കുറഞ്ഞ റോഡിലൂടെ വാഹനങ്ങൾക്ക്‌ കടന്ന് പോകാനും ഇത്‌ തടസ്സമാകുന്നുണ്ട്.

റോഡിലെ കാഴ്ച്ചകൾക്കും തടസം

ചില സ്ഥലങ്ങളിൽ റോഡിൽ ഡ്രൈവർമാരുടെ കാഴ്ച്ച മറക്കുന്ന രീതിയിലുമാണ് തള്ളിയിരിക്കുന്നത്.തൊടുപുഴയിൽ നിന്നുള്ള വണ്ണപ്പുറം, കരിമണ്ണൂർ,വെള്ളിയാമറ്റം,കുളമാവ്, ഈരാറ്റുപേട്ട,പാലാ റൂട്ടുകളിൽ മിക്കവാറും സ്ഥലങ്ങളിൽ വ്യാപകമായിട്ടാണ് റോഡിന്റെ വശങ്ങളിൽ വൈദ്യുതി പോസ്റ്റുകൾ തള്ളിയിരിക്കുന്നത്.