uma

ചെറുതോണി: പ്രാണേശ്വരന്റെ കല്ലറയ്ക്കു മുന്നിൽ ഉമയുടെ കണ്ണുകൾ നിറഞ്ഞു, ചുണ്ട് വിറച്ചു. ഇടറിയ ശബ്ദത്തിൽ അവർ പറഞ്ഞു, 'പി.ടീ... നമ്മൾ ജയിച്ചു"

റെക്കാഡ് ഭൂരിപക്ഷത്തിൽ തൃക്കാക്കര തന്നെയും ചേർത്തുപിടിച്ചതിന്റെ ആഹ്ലാദം പങ്കുവയ്ക്കാൻ ഇന്നലെ രാവിലെയാണ് ഉമ മക്കൾക്കൊപ്പം ഇടുക്കി ഉപ്പുതോട്ടിൽ പി.ടിയുടെ ചിതാഭസ്മം അടക്കം ചെയ്ത കല്ലറയ്ക്ക് മുന്നിലെത്തിയത്. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുഗ്രഹം തേടി ഒരുമാസം മുമ്പ് ഇവിടെയെത്തുമ്പോൾ ആത്മവിശ്വാസത്തിന്റെ കൊടുമുടിയേറിയായിരുന്നു മടക്കം. പി.ടിയുടെ യശസ് ഉയർത്തിപ്പിടിച്ച് വിജയക്കൊടി നാട്ടിയതിന്റെ ചാരിതാർത്ഥ്യമായിരുന്നു ഇന്നലെ ആ മനസു നിറയെ.

രാവിലെ 8.30ന് മക്കളായ വിഷ്ണു, വിവേക് എന്നിവർക്കൊപ്പം ഉമ ഉപ്പുതോട് സെന്റ് ജോസഫ് ദേവാലയത്തിലെത്തി പ്രാ‌ർത്ഥിച്ചു. ഒപ്പീസിനിടയിൽ പ്രിയതമന്റെ ഓർമ്മയിൽ കണ്ണുകൾ നിറഞ്ഞൊഴുകി. തുടർന്ന് പി.ടിയുടെ സഹപ്രവർത്തകർക്കൊപ്പം കല്ലറയ്ക്കരികിലേക്ക്. ഉപ്പുതോട് ഇടവക വികാരി ഫാ. ഫിലിപ്പ് പെരുനാട്ടിന്റെ കാർമ്മികത്വത്തിൽ പ്രാർത്ഥന. അതിന് ശേഷം ഇടുക്കി രൂപതയിലെത്തി ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേലിന് നന്ദിയർപ്പിച്ചു.

ഡീൻ കുര്യാക്കോസ് എം.പി, യു.ഡി.എഫ് നേക്കാക്കളായ എ.പി. ഉസ്മാൻ, കെ.ബി. സെൽവം, ജെയ്‌സൺ കെ. ആന്റണി, ബിജോ മാണി തുടങ്ങിയവരും ഉമയ്ക്കൊപ്പമുണ്ടായിരുന്നു. പാർട്ടി പ്രവർത്തകരും പ്രദേശവാസികളുമടക്കം ഒട്ടേറെപ്പേർ ഉമാ തോമസിനെ വരവേൽക്കാൻ ഉപ്പുതോട്ടിൽ തടിച്ചുകൂടിയിരുന്നു.

പി.ടിയുടെ നിലപാടുകളുമായി മുന്നോട്ടു പോകും. ഭാര്യ എന്നതിലുപരി ആരാധികയാണ്. അദ്ദേഹം തുടങ്ങിവച്ചത് പൂർത്തിയാക്കണം. പി.ടിയുടെ വികസന സ്വപ്നങ്ങൾ തന്നെയാണ് എന്റേതും"

-ഉമ തോമസ്