തൊടുപുഴ: നരേന്ദ്രമോദി സർക്കാരിന്റെ എട്ടാം വാർഷികത്തോടനുബന്ധിച്ച് ജില്ലയിൽ രണ്ടാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിന്റെ ഭാഗമായി അഞ്ച് മുതൽ 15 വരെ കർഷകർ, മഹിളകൾ, പട്ടികജാതി- പട്ടിക വർഗ്ഗ വിഭാഗങ്ങൾ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ, പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾ, നേട്ടങ്ങൾ കൈവരിച്ച പ്രമുഖ വ്യക്തികൾ കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കൾ തുടങ്ങിയവരെ സമ്പർക്കം നടത്തുകയും അവരുമായി ആശയ വിനിമയങ്ങൾ നടത്തുകയും ചെയ്യും. അതോടൊപ്പം ആരോഗ്യ സന്നദ്ധ പ്രവർത്തകരെ ആദരിക്കുകയും വാക്‌സിനേഷൻ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യും. കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങിലെത്തിക്കാൻ വികാസ് തീർത്ഥ് എന്ന പേരിൽ യുവമോർച്ചയുടെ നേതൃത്വത്തിൽ ബൈക്ക് റാലികൾ സംഘടിപ്പിക്കും. ജില്ലാ കേന്ദ്രത്തിൽ കേന്ദ്ര മന്ത്രിമാരെ പങ്കെടുപ്പിച്ചുകൊണ്ട് ഗരീബി കല്യാൺ ജനസഭ സംഘടിപ്പിക്കും. പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈ വിതരണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും. വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, സംസ്ഥാന കമ്മിറ്റി അംഗം പി.പി. സാനു എന്നിവർ പങ്കെടുത്തു.