തൊടുപുഴ: സൈന്ധവാ ബുക്‌സ് പ്രസിദ്ധീകരിച്ച വി. വിമൽ റോയിയുടെ പുസ്തകം 'ഹൃദയംതൊട്ട മൂന്നാറി"ന്റെ
രണ്ടാം പതിപ്പിന്റെ പ്രകാശനം മൂന്നാറിൽ ഏഴിന് വൈകിട്ട് 4.30ന് നടക്കും. മൂന്നാർ ദേവികുളം റോഡിലുള്ള ഗവ. ബൊട്ടാണിക്കൽ ഗാർഡനിൽ അഡ്വ. എ. രാജ എം.എൽ.എ കവി അശോകൻ മറയൂരിന് നൽകി പ്രകാശനം നിർവഹിക്കും. പുസ്തകത്തിലെ 'മൂന്നാർ ടൂറിസത്തിന്റെ നാൾവഴികൾ' എന്ന അദ്ധ്യായത്തിൽ പരാമർശിച്ചു പോയിട്ടുള്ള ചില വ്യക്തിത്വങ്ങളുണ്ട്. മൂന്നാർ ടൂറിസത്തിന്റെ വളർച്ചയുടെ ഭാഗമായി നിലകൊണ്ടിട്ടുള്ളവർ. അവരിൽ ചിലരെ ആദരിക്കുന്ന ചടങ്ങും ഈ പരിപാടിയുടെ ഭാഗമായി നടക്കും. യോഗത്തിൽ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ എസ്. ബിന്ദു മണി അദ്ധ്യക്ഷത വഹിക്കും. കവി അശോകൻ മറയൂർ പുസ്തകം സ്വീകരിക്കും. കേരളാ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ കെ.വി. ശശി​,​ കെ.ജി അജിത് കുമാർ (സൈന്ധവ ബുക്ക്സ്)​ എന്നിവർ മൂന്നാർ ടൂറിസത്തിന്റെ വളർച്ചയ്ക്കായി നിലകൊണ്ട മഹത് വ്യക്തികളെ ആദരിക്കും. പുസ്തകത്തെക്കുറിച്ച് പ്രഭാഷകനും​ എഴുത്തുകാരനുമായ വി. വിജയകുമാർ സംസാരിക്കും. മുൻ എം.എൽ.എ എ.കെ. മണി സാന്നിദ്ധ്യം വഹിക്കും. സംഘാടക സമിതി ചെയർമാൻ വിനോദ് വട്ടേക്കാട്ട് സ്വാഗതവും സംഘാടക സമിതി കൺവീനർ ജോളി ജെയിംസ് മാക്കോറ നന്ദിയും പറയും.