തൊടുപുഴ: ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പൊലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക രഹസ്യങ്ങളും സംഘപരിവാർ സംഘടനാ നേതാക്കളെക്കുറിച്ചുള്ള വിവരങ്ങളും തീവ്രവാദ സംഘടനകൾക്ക് ചോർത്തി നൽകുന്നതിനെക്കുറിച്ചുള്ള അന്വേഷണം കേന്ദ്ര ഏജൻസികളെ ഏൽപ്പിക്കുക, കുറ്റക്കാരായ ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും പിരിച്ചുവിടുക, കുറ്റക്കാരെ സംരക്ഷിക്കുകയും കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന അന്വേഷണ ഉദ്യോഗസ്ഥൻമാർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഷ്ട്ര രക്ഷാ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് മൂന്നാർ ഡിവൈ.എസ്.പി ഓഫീസിലേക്ക് മാർച്ച് നടത്തും. രാഷ്ട്ര രക്ഷാ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന പൊലീസ് സ്റ്റേഷൻ മാർച്ച് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി ഉദ്ഘാടനം ചെയ്യും. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ രാഷ്ട്രീയ സ്വയം സേവക സംഘം വിഭാഗ് കാര്യവാഹ് എൻ. അനിൽ ബാബു, ബി.എം.എസ് സംസ്ഥാന സെക്രട്ടറി സിബി വർഗീസ്, ബി.ജെ.പി മദ്ധ്യ മേഖലാ പ്രസിഡന്റ് എൻ. ഹരി, മേഖലാ ജനറൽ സെക്രട്ടറി ബിനു ജെ. കൈമൾ, ജില്ലാ ജനറൽ സെക്രട്ടിമാരായ വി.എൻ. സുരേഷ്, വി.എസ്. രതീഷ് നാഷണൽ കൗൺസിൽ അംഗം ശ്രീനഗരി രാജൻ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ പി.പി. സാനു, പി.എ. വേലുക്കുട്ടൻ വി.ആർ. അളകരാജ്, സോജൻ ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും.