ചെറുതോണി: മന്ത്രി റോഷി അഗസ്റ്റിന്റെ പുതിയ ഓഫീസ് ചെറുതോണിയിൽ പ്രവർത്തനമാരംഭിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ചെറുതോണിയിലുള്ള മന്ദിരത്തിൽ കേരള കോൺഗ്രസ് (എം)​ പാർട്ടി ചെയർമാൻ ജോസ് കെ. മാണി പുതിയ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. കഴിഞ്ഞ 21 വർഷത്തോളമായി റോഷി അഗസ്റ്റിൻ എം.എൽ.എയായി വന്ന സമയം മുതൽ ചെറുതോണിയിലാണ് ഓഫീസിന്റെ പ്രവർത്തനം നടന്നിരുന്നത്. ഇക്കുറി സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രിയായപ്പോലും ഓഫീസിന്റെ പ്രവർത്തനം ചെറുതോണിയിൽ തന്നെ തുടർന്നു. എന്നാൽ രണ്ടാംനിലയിലെ ഓഫീസിന്റെ പ്രവർത്തനം വിവിധ ആവശ്യങ്ങൾക്ക് മന്ത്രിയെ കാണുന്നതിന് എത്തുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയ സാഹചര്യത്തിലാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാകമ്മിറ്റിയുടെ ചെറുതോണിയിലുള്ള ബിൽഡിങ്ങിൽ വിപുലമായ സൗകര്യങ്ങളോടെ ഓഫീസ് പ്രവർത്തനമാരംഭിച്ചത്. കേരള കോൺഗ്രസ് (എം)​ പാർട്ടി ചെയർമാൻ ജോസ് കെ. മാണി മന്ത്രിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ, തോമസ് ചാഴികാടൻ എം.പി, എം.എം. മണി എം.എൽ.എ, സി.വി. വർഗീസ്, മുൻ എം.പി ജോയ്‌സ് ജോർജ്, സിജി ചാക്കോ തുടങ്ങിയവർ പങ്കെടുത്തു.