തൊടുപുഴ: ഉരുൾ പൊട്ടലിൽ ഒലിച്ച് പോയ റോഡ് പുനർനിർമ്മിക്കണമെന്ന ഒന്നര പതിറ്റാണ്ടായുള്ള ജനങ്ങളുടെ ആവശ്യത്തോട് അധികൃതർ മുഖം തിരിക്കുന്നു. കോഴിപ്പള്ളി- കുളമാവ് റോഡിലെ കോഴിപ്പള്ളി ഭാഗം ഉരുൾ പൊട്ടലിൽ ഒലിച്ച് പോയിട്ട് 14 വർഷങ്ങൾ കഴിഞ്ഞു. റോഡ് പുനർ നിർമ്മിക്കാത്തതിനെ തുടർന്ന് പ്രദേശവാസികളായ സ്കൂൾ -കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെ ആയിരക്കണക്കിന് പേരുടെ ദൈനംദിന ജീവിതമാണ് ദുരിതത്തിലാകുന്നത്. ഈ റോഡിന്റെ ഗുണഭോക്താക്കളിൽ ഏറെയും ഗോത്രവർഗ്ഗ വിഭാഗക്കാരാണ്. 2008ലുണ്ടായ ഉരുൾപൊട്ടലിലാണ് കോഴിപ്പള്ളിയിൽ മലയിടിഞ്ഞത്. തുടർന്ന് റോഡ് രണ്ടായി മുറിഞ്ഞ് കോഴിപ്പള്ളിയിൽ നിന്ന് കുളമാവിലേക്കുള്ള യാത്ര അസാധ്യമായി. ഈ റോഡുണ്ടായിരുന്നെങ്കിലും ഇവിടത്തുകാർക്ക് വിദഗ്ദ്ധ ചികിത്സയ്ക്കായി ഇടുക്കി മെഡിക്കൽ കോളേജിലെത്തുന്നതിനും വിവിധ ആവശ്യങ്ങൾക്ക് കളക്ട്രേറ്റിലും മറ്റുമെത്താനും കൂടുതൽ സൗകര്യമായിരുന്നു. ഇപ്പോൾ ചികിത്സയ്ക്കായി 30 കിലോമീറ്റർ സഞ്ചരിച്ച് തൊടുപുഴയെയാണ് ഇവർ ആശ്രയിക്കുന്നത്. റോഡിന്റെ അപര്യാപ്തതയിൽ ഇവിടേക്കുള്ള മറ്റ് വികസന പദ്ധതികളും സ്തംഭനാവസ്ഥയിലാണ്. 2018ൽ പ്രധാനമന്ത്രി റോഡ് വികസന പദ്ധതി പ്രകാരം 1.45 കോടി റോഡിന്റെ നിർമ്മാണത്തിന് അനുവദിച്ചിരുന്നു. എന്നാൽ വനംവകുപ്പ് മുടന്തൻ കാര്യങ്ങൾ നിരത്തി തടസം നിന്നതോടെ തുടർ പ്രവർത്തനം പൂർണ്ണമായും നിലച്ചു.

7 കിലോമീറ്രർ 50 ആയി
കോഴിപ്പള്ളിയിൽ നിന്ന് ഏഴ് കിലോമീറ്റർ ദൂരം റോഡിലൂടെ യാത്ര ചെയ്താൽ കുളമാവിലേക്ക് എത്താമായിരുന്നു. റോഡ് യാത്രാ യോഗ്യമല്ലാതായതോടെ തൊടുപുഴ വഴി അമ്പതിലേറെ കിലോമീറ്റർ ചുറ്റിയാണ് ഇവിടേക്ക് എത്തുന്നത്. ജില്ലാ ആസ്ഥാനമായ ചെറുതോണിയിൽ എത്തണമെങ്കിൽ 70 കിലോമീറ്ററിൽ കൂടുതൽ ചുറ്റണം. റോഡ് പുനഃസ്ഥാപിച്ചാൽ 23 കിലോമീറ്റർ മാത്രം സഞ്ചരിച്ചാൽ മതിയായിരുന്നു. തൊടുപുഴയിലെത്തണമെങ്കിൽ മുപ്പത് കിലോമീറ്ററിലധികം ചുറ്റണം.