water
ജീവനക്കാർ കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്ന ഓയിലും ഡീസലും ഒഴികിയെത്തുന്ന വെള്ളം

പീരുമേട്: ആവശ്യത്തിന് ജീവനക്കാരോ അടിസ്ഥാന സൗകര്യങ്ങളോയില്ലാതെ പരാധീനതകളുടെ നടുവിൽ നട്ടംതിരിയുകയാണ് കുമളി കെ.എസ്.ആർ.ടി.സി ഡിപ്പോ. 2004 ഫെബ്രുവരി ഏഴിന് ആരംഭിച്ച കുമളി ഡിപ്പോയിൽ 56 സർവീസുകളം 60 ബസുകളും 320 ജീവനക്കാരും പ്രതിദിനം ഏഴ് ലക്ഷം രൂപ കളക്ഷനും ഉണ്ടായിരുന്നു. ഇപ്പോകട്ടെ 150ൽ താഴെ ജീവനക്കാരും 30 ബസുമാണുള്ളത്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നിറുത്തിയ ഇരുപതോളം സർവ്വീസുകൾ ഇനിയും പുനരാരംഭിച്ചില്ല. ആവശ്യത്തിന് ഡ്രൈവറും കണ്ടക്ടറും മെക്കാനിക്കും ഇല്ലാത്തിനാലാണ് പല ഷെഡ്യൂളുകളും അയയ്ക്കാൻ കഴിയാത്തത്. ഇപ്പോൾ സർവ്വീസ് നടത്തുന്ന 25 ബസുകളിലേറെയും 10 വർഷത്തിലധികം പഴക്കം ചെന്നവയാണ്. മലയോര മേഖലയിലെ ഡിപ്പോകളിൽ പത്ത് വർഷത്തിലധികം പഴക്കമുള്ള ബസുകൾ സാധാരണയായി ഓടിക്കാറില്ല. ഡിപ്പോയിൽ ഉണ്ടായിരുന്ന നല്ല ബസുകൾ ഭൂരിഭാഗവും മറ്റ് ഡിപ്പോയിലേക്ക് കൊടുത്തു. പകരം ലഭിച്ചതാകട്ടെ മലയോരം മേഖലയിൽ ഓടാൻ ശേഷിയില്ലാത്ത ബസുകളും. കുമളി ഡിപ്പോയിൽ ഉണ്ടായിരുന്ന നല്ല കണ്ടിഷനുള്ള ബസുകൾ കൊവിഡ് കാലത്ത് ചടയംമംഗലം,​ കൊട്ടാരക്കര,​ ചേർത്തല ഡിപ്പോകൾക്ക് കൊടുത്തു. തിരികെ കിട്ടിയ ബസുകളാണ് ഹൈറേഞ്ചിൽ ഓടാൻ കഴിയാത്തത്. പല ബസുകളും സർവീസ് നടത്തിയാൽ വഴിയിൽ കിടക്കുമെന്ന സ്ഥിതിയാണ്. പരാധീനതകൾ ഏറെയുണ്ടെങ്കിലും ആരോട് പറയുമെന്നോ ആര് പരിഹരിക്കുമെന്നോ അറിയാത്ത അവസ്ഥയിലാണ് കുമളി ഡിപ്പോയിലെ ജീവനക്കാർ. രണ്ടാംഘട്ട യാർഡ് പണികൾ പൂർത്തിയാകുന്നതോടെ ഇപ്പോഴുള്ള പരാധീനതകൾ പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ.

വെള്ളവുമില്ല,​ വെളിച്ചവുമില്ല

ഡിപ്പോയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് കുടിക്കാനും കുളിക്കാനും ശുദ്ധജലം പോലും ഇവിടെയില്ല. ഉള്ളതാകട്ടെ വണ്ടി കഴുകാനുപയോഗിക്കുന്ന മലിന ജലമാണ്. നേരത്തെ കുഴൽ കിണറിലെ വെള്ളമായിരുന്നു കുടിക്കാനും കുളിക്കാനും ഉപയോഗിച്ചിരുന്നത്. വോൾട്ടേജ് പ്രശ്നം കാരണം വെള്ളം പമ്പ് ചെയ്യാൻ കഴിയാത്തതിനാൽ കുഴൽക്കിണറിലെ വെള്ളം ഇപ്പോൾ എടുക്കാനാകുന്നില്ല. വൈദ്യുതി തകരാറ് ഇവിടെ നിത്യസംഭവമാണ്. അമിത വൈദ്യുതി പ്രവഹിക്കുന്നതു മൂലം ബൾബുകൾ നിരന്തരം ഫ്യൂസായി പോകുന്നു. ഡിപ്പോയിലെ വയറിങ് കണക്ഷൻ ഒന്നാകെ മാറ്റിയാൽ മാത്രമേ ഇത് പരിഹരിക്കാനാകൂ.