ഇടുക്കി: പരിസ്ഥിതി ദിനത്തിൽ നവകേരളം പദ്ധതി യാഥാർത്ഥ്യമാക്കുന്നത് 14 തദ്ദേശ സ്ഥാപനങ്ങളിലായി 16 പച്ചത്തുരുത്തുകൾ. ഇരട്ടയാർ, മരിയാപുരം, അറക്കുളം, കാമാക്ഷി, വാത്തിക്കുടി, കാഞ്ചിയാർ, ഉപ്പുതറ, അടിമാലി, ഉടുമ്പഞ്ചോല, പാമ്പാടുംപാറ, മൂന്നാർ, മാങ്കുളം, കുമാരമംഗലം, ഇടവെട്ടി പഞ്ചായത്തുകളിലും പച്ചത്തുരുത്തുകൾക്ക് തുടക്കമിടുന്നുണ്ട്. ഇരട്ടയാർ പഞ്ചായത്തിൽ മൂന്ന് ഇടത്തായി മുപ്പത് സെന്റ് ഭൂമിയിലാണ് ചെറു വനമുണ്ടാക്കുന്നത്. ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂൾ, ചെമ്പകപ്പാറ ഗവ. ഹൈസ്‌കൂൾ, ഇടിഞ്ഞമല ഗവ. എൽപി സ്‌കൂൾ എന്നിവിടങ്ങളിലാണ് 10 സെന്റ് വീതം പച്ചത്തുരുത്തുകളൊരുങ്ങുന്നത്. ഇവിടെ തന്നെയാണ് നവകേരളം പച്ചത്തുരുത്തുകളുടെ ജില്ലാ തല ഉദ്ഘാടനവും നടത്തുന്നത്. ശാന്തിഗ്രാം സ്‌കൂളിൽ രാവിലെ 9.30ന് നടക്കുന്ന ചടങ്ങിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ജില്ലാ തല ഉദ്ഘാടനം നിർവ്വഹിക്കും. എം.എം. മണി എം.എൽ.എ അദ്ധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, പഞ്ചായത്ത് പ്രസിഡന്റ് ജിൻസൺ വർക്കി, വാർഡ് മെമ്പർ ജോസുകുട്ടി അരീപ്പറമ്പിൽ എന്നിവർ പങ്കെടുക്കും.