ഇടുക്കി: ചെറുതോണി ടൗൺ ഭംഗിയാക്കുന്നതിന്റെ ഭാഗമായി അഞ്ചു കോടി ചിലവഴിച്ചു നടപ്പിലാക്കുന്ന പദ്ധതിയുടെ നിർമാണ ഉദ്ഘാടനം 13ന് രാവിലെ 9.30ന് ചെറുതോണി ടൗണിൽ മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കും. ചെറുതോണി ടൗൺ സൗന്ദര്യവത്കരിക്കുന്നതിനോടൊപ്പം ചെറുതോണി മുതൽ ഇടുക്കി മെഡിക്കൽ കോളേജ് വരെയുള്ള റോഡിന്റെ നവീകരണവും നടപ്പിലാക്കും. പൊതുമരാമത്ത് വിഭാഗമാണ് നവീകരണ പ്രവർത്തനങ്ങൾ ചെയ്യുന്നത്. ഇതിന്റെ ഭാഗമായി മന്ത്രി റോഷി അഗസ്റ്റിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ യോഗം ചേർന്നു. ടൗൺ മുതൽ ഐ.ഒ.സി ബങ്ക് വരെയുള്ള ഭാഗത്തെ നവീകരണത്തിനുള്ള തടസങ്ങൾ കേരള വാട്ടർ അതോറിട്ടി, കെ.എസ്.ഇ.ബി, വനംവകുപ്പ് എന്നിവർ സമയബന്ധിതമായി പരിഹരിച്ചു നൽകേണ്ടത് യോഗത്തിൽ വിശകലനം ചെയ്തു. 110 മരങ്ങളിൽ 70 എണ്ണം 30 സെന്റിമീറ്റർ മുകളിലുള്ളവയാണ്. ഇവ മുറിച്ചു നീക്കാനുള്ള അനുമതി കോട്ടയം ഡി.എഫ്.ഒയാണ് നൽകേണ്ടത്. രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ അനുമതി ലഭിക്കുമെന്ന് ഇടുക്കി ഡി.എഫ്.ഒ യോഗത്തിൽ അറിയിച്ചു. വാട്ടർ അതോറിട്ടിയുടെ പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിന് ഒന്നര ലക്ഷം രൂപയും കെ.എസ്.ഇ.ബി വൈദ്യുതി ലൈൻ മാറ്റി സ്ഥാപിക്കുന്നതിന് നാല് ലക്ഷം രൂപയും ചിലവ് വരും. ഇവ പൊതുമരാമത്തുമായി ചേർന്ന് സംയുക്തമായി നടപ്പിലാക്കാൻ മന്ത്രി നിർദ്ദേശിച്ചു. ചെറുതോണി ഐ.ഒ.സി ബങ്ക് മുതൽ മെഡിക്കൽ കോളേജ് വരെയുള്ള റോഡിന് മൂന്ന് മീറ്റർ വീതി കൂട്ടി സംരക്ഷണഭിത്തിയും നിർമ്മിക്കും. ടൗൺ നവീകരണത്തിനായി നീക്കം ചെയ്യുന്ന പാറകൾ റോഡിന്റെ സംരക്ഷണഭിത്തി നിർമിക്കാൻ ഉപയോഗിക്കും. ജലസേചന വകുപ്പും പൊതുമരാമത്ത് നിരത്ത് വിഭാഗവും സംയുക്തമായി പണി പൂർത്തീകരിക്കും.
കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ഷീബ ജോർജ്, ജില്ലാ പഞ്ചായത്ത് അംഗം രാരിച്ചൻ നീർണാംകുന്നേൽ, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.