ഇടുക്കി: വിലവിവര പട്ടിക പ്രദർശിപ്പാക്കാത്തതിനും ലൈസൻസ് എടുക്കാത്തതിനും കാലാവധി കഴിഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ ഭക്ഷ്യ വസ്തുക്കൾ വിൽപ്പനയ്ക്കായി സൂക്ഷിച്ചതിനും ഉടുമ്പൻചോല താലൂക്കിലെ രണ്ട് കടകൾ അധികൃതർ അടപ്പിച്ചു. ജില്ലാ കളക്ടർ ഷീബ ജോർജ്ജിന്റെ നിർദ്ദേശം പ്രകാരം ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസർ പുഷ്പരാജ് എൻ, ഫുഡ് സേഫ്‌റ്റി ഓഫീസർ ആൻ മേരി ജോൺസൺ, സിവിൽ പൊലീസ് ഓഫീസർ രാജൻ എം.ആർ, ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസിലെ റേഷനിംഗ് ഇൻസ്‌പെക്ടർമാരായ ഷാജു എം.എസ്, സബിൻ എസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് കടകൾ അടപ്പിച്ചത്. ഗാർഹികാവശ്യത്തിനുള്ള ഗ്യാസ് സിലണ്ടറുകൾ വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ കർശന നടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു.