ഇടുക്കി: നിലവിലെ പട്ടയങ്ങളിന്മേൽ വിവിധ ഏജൻസികൾ നടത്തിവരുന്ന പരിശോധനകൾ പൂർത്തിയാക്കി എത്രയും വേഗം മുഴുവൻ ന്യൂനതകളും പരിഹരിച്ച് നിശ്ചിത സമയപരിധി കണക്കാക്കി പട്ടയങ്ങൾ അർഹതപ്പെട്ടവരുടെ കൈയിൽ എത്തിക്കാനുള്ള നടപടികൾ ഉണ്ടാകണമെന്ന് താലൂക്ക് വികസന സമിതി. തഹസിൽദാറിന്റെ ചേമ്പറിൽ ചേർന്ന യോഗത്തിലാണ് പട്ടയ വിതരണം വേഗത്തിലാക്കണമെന്ന ആവശ്യം സമിതി അംഗങ്ങൾ ഉന്നയിച്ചത്. യോഗത്തിൽ തിങ്കൾക്കാട് മുതൽ പണിക്കൻകുടി വരെയുള്ള റോഡിന്റെ വീതി കൂട്ടാനുള്ള നടപടികൾ ഉണ്ടാകണമെന്നും വഞ്ചിക്കവല മുതൽ ചെറുതോണി ടൗൺ വരെയുള്ള ഓട വൃത്തിയാക്കി മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളക്കെട്ട് തടയാനുള്ള പ്രവർത്തികൾ ഉടൻ തുടങ്ങണമെന്നും സമിതി ആവശ്യപ്പെട്ടു. നൂറ്റമ്പതോളം കുടുംബക്കാർ താമസിക്കുന്ന ശാസ്താംകണ്ടം റോഡ് ക്യാച്ച്‌മെന്റ് ഏരിയക്കുള്ളിലായതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുന്നില്ലെന്ന സമിതിയുടെ പരാതിയിൽ പരിഹാരം കാണാൻ വാഴത്തോപ്പ് ഡാം സേഫ്‌റ്റി അധികൃതർക്ക് നിർദ്ദേശം നൽകാമെന്ന് തഹസിൽദാർ അറിയിച്ചു. മത്സ്യ വിൽപ്പന കേന്ദ്രങ്ങളിൽ കൂടുതൽ കാര്യക്ഷമമായ പരിശോധന നടത്തി ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനും ഫുഡ് സേഫ്‌റ്രി വകുപ്പിന് നിർദ്ദേശം നൽകി. ചെറുതോണിയിൽ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട തുളസീധരന്റെ ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന് ഉടനടി പരിഹാരം കാണണമെന്ന സമിതി അംഗങ്ങളുടെ ആവശ്യത്തിന് ചൊവ്വാഴ്ച സംയുക്ത പരിശോധന നടത്തുമെന്ന് വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. താലൂക്ക് വികസന സമിതി യോഗത്തിൽ വകുപ്പ് ഉദ്യോഗസ്ഥരും പ്രതിനിധികളും പങ്കെടുത്തില്ലെങ്കിൽ ജില്ലാ വികസന സമിതിക്കും വകുപ്പ് മേധാവികൾക്കും റിപ്പോർട്ട് ചെയ്യുമെന്നും തഹസിൽദാർ യോഗത്തിൽ അറിയിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം കെ.ജി. സത്യൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ,​ തഹസീൽദാർ ജെയ്ഷ് ചെറിയാൻ, സർക്കാർ വകുപ്പ് ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു.