കട്ടപ്പന: വെള്ളയാംകുടിയിൽ അമിത വേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് ട്രാൻസ്‌ഫോർമറിന്റെ സുരക്ഷാ വേലിക്കുള്ളിലേക്ക് വീണ സംഭവത്തിൽ വാഹനം ഓടിച്ച യുവാവിന്റെ ലൈസൻസ് റദ്ദാക്കും. ഇതിനായി മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകി. വെള്ളയാംകുടി എസ്.എം.എൽ പടിയിൽ വെള്ളിയാഴ്ച വൈകിട്ട് നാലേകാലോടെയാണ് അപകടം ഉണ്ടായത്. അമിത വേഗത്തിലെത്തിയ ഡ്യൂക്ക് ബൈക്ക് നിയന്ത്രണം നഷ്ടമായി ട്രാസ്‌ഫോർമറിൽ ഇടിച്ചു കയറുകയായിരുന്നു. ബൈക്ക് ട്രാസ്‌ഫോർമറിൽ കുടുങ്ങിയതോടെ ഓടിച്ചയാൾ ബൈക്ക് ഉപേക്ഷിച്ച് പിന്നാലെ എത്തിയ കൂട്ടാളിയുടെ ഒപ്പം രക്ഷപെട്ടു. അപകടം അറിഞ്ഞയുടൻ കെ.എസ്.ഇ.ബി അധികൃതരെത്തി വൈദ്യുതി ബന്ധം വിഛേദിക്കുകയായിരുന്നു. അപകടവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി ഇടുക്കി ആർ.ടി.ഒയ്ക്ക് റിപ്പോർട്ട് സമർപ്പിക്കാൻ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറെ ചുമതലപെടുത്തിയിട്ടുണ്ട്. അപകടത്തിൽ 12,160 രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും നഷ്ടപരിഹാരം ഈടാക്കാൻ നടപടിയെടുക്കണമെന്നും വ്യക്തമാക്കി കെ.എസ്.ഇബി അധികൃതർ പൊലീസിലും പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ തുടർനടപടികളുടെ ഭാഗമായി ബൈക്ക് കോടതിയിൽ ഹാജരാക്കാനും ആർ.സി റദ്ദാക്കാനുമാണ് പൊലീസിന്റെ നീക്കം. മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർ ഇടുക്കി സ്‌ക്വാഡിൽ നിന്ന് കെ.ബി. അഭിലാഷ് ഇന്നലെ പ്രദേശം സന്ദർശിച്ചു. വിഷ്ണുപ്രസാദ് എന്നയാളാണ് ബൈക്ക് ഓടിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവസ്ഥലത്തെ സി.സി ടി.വി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും വാഹനം അമിതവേഗത്തിലായിരുന്നെന്ന് കണ്ടെത്തി. മറ്റു വാഹനങ്ങളെ വേഗതയിൽ ഓവർടേക്ക് ചെയ്തപ്പോൾ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് വലതുവശത്തേക്ക് നീങ്ങി റോഡിന്റെ സൈഡിൽ കട്ടിങ്ങിൽ ഇടിച്ചാണ് അപകടമുണ്ടായതെന്നും വ്യക്തമായി. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നയാൾ ഹെൽമെറ്റ് ധരിച്ചിട്ടുണ്ടായിരുന്നില്ല. വാഹനം ട്രാൻസ്‌ഫോമറിൽ ഇടിക്കുന്നതിനു മുന്നേ ഇദ്ദേഹം വാഹനത്തിൽ നിന്നും തെറിച്ചു വീണതിനാലാണ് പരിക്ക് സാരമുള്ളതാകാതെ ഇരുന്നതെന്നും അന്വേഷണത്തിൽ ബോദ്ധ്യമായിട്ടുണ്ട്.