തൊടുപുഴ: എസ്.എൻ.‌ഡി.പി യോഗത്തിന്റെ കെട്ടുറപ്പും സംഘടനാ വൈഭവവും സംഘ ശക്തിയും വിളിച്ചോതുന്ന യോഗ ജ്വാല 14 ജില്ലകളിലും സംഘടിപ്പിക്കുമെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. തൊടുപുഴ യൂണിയൻ നേതൃസംഗമവും പ്രവർത്തകയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊവിസ് മൂലം പ്രതിസന്ധിയിലായ സംഘടനാപ്രവർത്തനം സജീവമാക്കാൻ യോഗം സംഘടിപ്പിക്കുന്ന യോഗ ജ്വാലയിൽ പതിനായിരങ്ങൾ പങ്കെടുക്കും. കട്ടപ്പനയിൽ ജൂലായ് 10 ന് മഹാറാലി സംഘടിപ്പിക്കും. ഒരു ശാഖയിൽ നിന്ന് 100 പേർ വീതം പങ്കെടുക്കണമെന്നും തുഷാർ പറഞ്ഞു. യൂണിയൻ ചെയർമാൻ എ.ജി. തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ. സോമൻ സ്വാഗതമാശംസിച്ചു. യോഗം ഡയറക്ടർ ഷാജി കല്ലാറയിൽ,​ യൂത്ത് മൂവ്‌മെന്റ് കേന്ദ്ര സമിതി പ്രസിഡന്റ് സന്ദീപ് പച്ചയിൽ, യൂത്ത് മൂവ്‌മെന്റ് ജോയിന്റ് കൺവീനർ സജേഷ് മണലേൽ എന്നിവർ ആശംസകളറിയിച്ചു. യൂത്ത്മൂവ്‌മെന്റ് കേന്ദ്ര സമിതി അംഗം സന്തോഷ് മാധവൻ, യൂത്ത്മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് പ്രവീൺ വട്ടമല, സെക്രട്ടറി വിനോദ് ശിവൻ, ട്രഷറർ ജോബി വായാട്ട്,​ വൈസ് പ്രസിഡന്റ് ദീപു വിജയൻ, യൂണിയൻ യൂത്ത് മൂവ്‌മെന്റ് ഭാരവാഹികൾ, യൂണിയൻ വനിതാ സംഘം ഭാരവാഹികൾ,​ 46 ശാഖയിൽ നിന്നുള്ല ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.