കട്ടപ്പന: എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയന്റെ 38 ശാഖാകളിലെയും ഭരണസമിതിയംഗങ്ങൾ, വനിതാസംഘം പ്രവർത്തകർ എന്നിവരുടെ ഏകദിന ക്യാമ്പ് ഇന്ന് രാവിലെ ഒമ്പതിന് അണക്കരയിൽ നടക്കും. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗത്തിന്റെ ജനറൽ സെക്രട്ടറി സ്ഥാനത്ത് 25 വർഷം പൂർത്തിയാക്കിയ ധന്യസാരഥ്യത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായി യൂണിയന്റെയും ശാഖകളുടെയും ഉപഹാരം വെള്ളാപ്പള്ളി നടേശന് നൽകും. ആത്മീയതയിൽ അടിയുറച്ച സംഘടനപ്രവർത്തനം എന്ന വിഷയത്തെ ആസ്പദമാക്കി ശിവഗിരിമഠം ശ്രീമദ് ഗുരുപ്രകാശം സ്വാമികൾ അനുഗ്രഹപ്രഭാഷണം നടത്തും. 'സാമൂഹിക പ്രശ്‌നങ്ങളിൽ കേരളകൗമുദിയുടെ ഇടപെടലുകൾ" എന്ന വിഷയത്തിൽ കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ് പ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി യോഗം വനിതാസംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സംസ്ഥാന കലാകായികോത്സവത്തിൽ ഓവറോൾ ഒന്നാം സ്ഥാനം നേടിയ മലനാട് യൂണിയനിലെ കുട്ടികൾക്ക് വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി സംഗീതാവിശ്വനാഥ് അവാർഡ് നൽകും. ബിജു പുളിക്കലേടത്ത് പഠനക്ലാസിന് നേതൃത്വം നൽകും. സമാപന സമ്മേളനം വൈകിട്ട് നാലിന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും.