ഇടുക്കി: സംരക്ഷിത വനമേഖലകളുടെ അതിർത്തിയിൽ നിന്ന് ഒരു കലോമീറ്റർ ചുറ്റളവ് പരിസ്ഥിതലോല മേഖലയായി നിലനിറുത്തണമെന്ന സുപ്രീംകോടതി ഉത്തരവ് മലയോര ജില്ലയ്ക്ക് ഇരുട്ടടിയായി. നിർമ്മാണ നിരോധനമടക്കം ജില്ലയിലെ കർഷകരുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്ന നിയമങ്ങൾ ഓരോ ദിവസവും അടിച്ചേൽപ്പിക്കുന്നതിന് പിന്നാലെയാണ് പുതിയ നിയമം. സംരക്ഷിത വനമേഖലയുടെ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം പരിസ്ഥിതി ലോല മേഖലയായി (ഇ.എ.ഇസെഡ്) കണക്കാക്കണമെന്നാണ് ഉത്തരവ്. ജില്ലയിൽ ദേശീയ ഉദ്യാനങ്ങളും വന്യജീവി സംരക്ഷണകേന്ദ്രങ്ങളുമടക്കം എട്ട് അതീവ സംരക്ഷിത വനമേഖലകളാണുള്ളത്. മറ്റ് സംരക്ഷിത വനമേഖകൾ വേറെയും. ആകെ 3770 ചതുരശ്ര കിലോമീറ്റർ വനം. 350 കിലോമീറ്റർ ദൂരത്തിൽ വനാതിർത്തിയും പങ്കിടുന്നുണ്ട്. വനംവകുപ്പ് ജണ്ടകെട്ടി തിരിച്ച് അതിർത്തി നിർണയിച്ച പ്രദേശങ്ങളെല്ലാം സംരക്ഷിത വനമേഖലയുടെ പട്ടികയിൽപ്പെടും. അതിനാൽ, നിയമം നടപ്പായാൽ ആയിരത്തിലേറെ ഏക്കർ ഭൂമിയിലെ കൃഷി അവസാനിപ്പിക്കേണ്ടിവരും. കുറിഞ്ഞിമല, പാമ്പാടുംചോല, ചിന്നാർ, ഇടുക്കി വന്യജീവി സങ്കേതം തുടങ്ങി ഒട്ടുമിക്ക സംരക്ഷിത വനമേഖലകൾക്ക് സമീപത്തും ജനവാസമുണ്ട്. ഇവിടെയിനി നിർമാണ പ്രവർത്തികളോ, വികസന പദ്ധതികളോ സാധ്യമാകില്ല. ഇടുക്കി കളക്ടറേറ്റും മെഡിക്കൽ കോളേജുമെല്ലാം സ്ഥിതിചെയ്യുന്നത് വനത്തോട് ചേർന്നാണ്. മൂന്നാറും ഉടുമ്പൻചോലയും അടക്കമുള്ള പ്രദേശങ്ങളിലെ സർക്കാർ ഓഫീസുകളിൽ പലതും ഇത്തരത്തിലാണ്. പരിസ്ഥിതിലോല മേഖലകളിലെ നിലവിലെ നിർമ്മിതികളെക്കുറിച്ച് സംസ്ഥാന ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാർ മൂന്നുമാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നത് മലയോരജനതയ്ക്ക് ആശങ്കയുള്ളവാക്കുന്നതാണ്. ഇത് വന്യജീവി സങ്കേതങ്ങൾക്കടുത്തുള്ള റിസോർട്ടുകളുടെ പ്രവർത്തനത്തെ ബാധിക്കാനിടയുണ്ട്. ഇതോടൊപ്പം പുതിയ നിർമാണ പ്രവർത്തനങ്ങൾക്ക് ചീഫ് വൈൽഡ് ലൈഫ് കൺസർവേറ്റർമാരുടെ അനുമതി വേണമെന്നും ഇതിന് ആറുമാസം മുൻപ് അപേക്ഷ നൽകണമെന്നും നിർദേശിക്കുന്നു. നിലവിലെ സാഹചര്യത്തിൽ ഈ പ്രദേശങ്ങളിൽ റോഡ് നിർമാണമടക്കം സാധ്യമാകാതെ വരും. നിലവിൽ നിർമാണത്തിലിരിക്കുന്ന ദേശീയപാത നിർമാണങ്ങളെയും ഇത് ബാധിക്കും. നിർമ്മാണ നിരോധനമടക്കമുള്ള നിയമങ്ങൾ നിലവിലുള്ള ജില്ലയിൽ പരിസ്ഥിതി ലോല മേഖലയുടെ നിയന്ത്രണം കൂടിയുണ്ടായാൽ ജനങ്ങൾ കൂടുതൽ ദുരിതത്തിലേക്ക് മാറുമെന്ന് തീർച്ച.
ആദ്യ ബഫർ സോൺ മതികെട്ടാൻചോല
സംസ്ഥാനത്ത് ആദ്യമായി ഒരു സംരക്ഷിത വനപ്രദേശത്തിന് ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ പ്രഖ്യാപിച്ച് അന്തിമ വിജ്ഞാപനമിറങ്ങിയത് മതികെട്ടാൻചോല ദേശീയോദ്യാനത്തിലാണ്. കഴിഞ്ഞ ഡിസംബർ 28നാണ് മതികെട്ടാൻചോലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ ബഫർ സോണായി പ്രഖ്യാപിച്ചു കൊണ്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ വിജ്ഞാപനം ഇറങ്ങിയത്.
സാമൂഹിക ജീവിതം തകർക്കും: അതിജീവനപോരാട്ട വേദി
പരിസ്ഥിതി ലോലം, ഭൂപതിവ് ചട്ടം തുടങ്ങി ഒരോ ദിവസവും ഉണ്ടാകുന്ന നിയമങ്ങൾ മലയോര ജനതയുടെ ജീവിതം തകർക്കുമെന്ന് അതിജീവനപോരാട്ടവേദി ചെയർമാൻ റസാഖ് ചൂരവേലിൽ പറഞ്ഞു. മനുഷ്യാവകാശങ്ങളും ഭരണഘടനാവകാശങ്ങളും നിഷേധിക്കുന്ന നടപടി നിയമനിർമ്മാണത്തിലൂടെ തിരുത്താൻ സർക്കാർ ഇടപെടണമെന്നും ഇവർ ആവശ്യപ്പെട്ടു.