ജില്ലയിലാകെ 57 പച്ചത്തുരുത്തുകൾ
ഇടുക്കി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലയിലെമ്പാടും വിവിധ സംഘടകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഭൂമിയ്ക്ക് തണലേകാൻ ആയിരക്കണക്കിന് തൈകൾ നട്ടു. പരിസ്ഥിതി ദിന സന്ദേശങ്ങൾ നൽകുന്ന സെമിനാറുകളും തൈവിതരണവും നടന്നു. നവകേരളം പദ്ധതിയുടെ ഭാഗമായ ഹരിതകേരളം പച്ചത്തുരുത്തുകളുടെ ജില്ലാതല ഉദ്ഘാടനം ഇരട്ടയാർ ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിൽ നടന്ന ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു. പച്ചത്തുരുത്തുകൾ കാലഘട്ടം ആവശ്യപ്പെടുന്നതാണെന്ന് മന്ത്രി പറഞ്ഞു. 14 തദ്ദേശ സ്ഥാപനങ്ങളിലായി 16 പച്ചത്തുരുത്തുകൾക്കാണ് പരിസ്ഥിതി ദിനത്തിൽ തുടക്കമിട്ടത്. ഇതോടെ ജില്ലയിലെ ആകെ ഹരിതകേരളം പച്ചത്തുരുത്തുകളുടെ എണ്ണം 57 ആയി. നേരത്തേ വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി 41 പച്ചത്തുരുത്തുകൾ യാഥാർത്ഥ്യമാക്കിയിട്ടുണ്ട്. ഇരട്ടയാർ, മരിയാപുരം, അറക്കുളം, കാമാക്ഷി, വാത്തിക്കുടി, കാഞ്ചിയാർ, ഉപ്പുതറ, അടിമാലി, ഉടുമ്പഞ്ചോല, പാമ്പാടുംപാറ, മൂന്നാർ, മാങ്കുളം, കുമാരമംഗലം, ഇടവെട്ടി പഞ്ചായത്തുകളിലും പച്ചത്തുരുത്തുകൾക്ക് തുടക്കമിട്ടു.ബ്ലോക്ക് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയിൽ അദ്ധ്യക്ഷനായി. ബ്ലോക്ക് മെമ്പർ ലാലച്ചൻ വള്ളക്കട, സ്‌കൂൾ ഹെഡ്മാസ്റ്റർ കെ.കെ. അശോക്, ഹരിതകേരളം പ്രതിനിധികളായ അരുൺകുമാർ, എബി വർഗീസ് എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ജിൻസൺ വർക്കി സ്വാഗതവും വൈസ് പ്രസിഡന്റ് സിനി മാത്യു നന്ദിയും പറഞ്ഞു. പഞ്ചായത്തിലെ മൂന്നിടങ്ങളിലായി 30 സെന്റ് സ്ഥലത്താണ് പച്ചത്തുരുത്തിന് തുടക്കമിട്ടത്.