കട്ടപ്പന: മലനാട് യൂണിയന് കീഴിലെ 38 ശാഖകളിലെയും ഭാരവാഹികൾ, യൂത്ത്മൂവ്മെന്റ്- വനിതാ സംഘം നേതാക്കളെ ഉൾപ്പെടുത്തി "സ്നേഹ തീരം "എന്ന പേരിൽ സംഘടിപ്പിച്ച ക്യാമ്പ് നൂറുകണക്കിന് ശ്രീനാരായണീയരുടെ പങ്കാളിത്തത്താൽ ആവേശമായി മാറി. അണക്കരയിൽ ചക്കുപള്ളം ശാഖാ ഓഡിറ്റോറിയത്തിൽ നടന്ന നേതൃത്വ ക്യാമ്പ് യൂണിയൻ പ്രസിഡന്റ് ബിജു മാധവനാണ് ഉദ്ഘാടനം ചെയ്തത്. തവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ ശ്രീ നാരായണ ഗുരുവിന്റെ ദർശനങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. മാനവരാശിയെ രക്ഷിക്കുന്നതിനുള്ള ദിവ്യ ഔഷധങ്ങളാണ് ഗുരുദേവ സന്ദേശങ്ങൾ. ശ്രീനാരായണ ധർമ്മത്തിൽ അധിഷ്ടിതമായ ജീവിതം ഓരോ ഈഴവരും മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി. ശിവഗിരി മഠത്തിലെ ശ്രീമദ് ഗുരു പ്രകാശം സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി. വനിതാ സംഘം സംസ്ഥാനതല കലാമത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ച കുട്ടികൾക്ക് ഉപഹാരങ്ങൾ കൈമാറി. തുടർന്ന് നേതാക്കന്മാരുടെ വിവിധ കലാപരിപാടികളും നടന്നു. യൂത്ത്മൂവ്മെന്റ്- വനിതാ സംഘം പ്രവർത്തകരുടെ ഒരേ പോലുള്ള വസ്ത്രധാരണവും അച്ചടക്കത്തോടെയുള്ള പ്രവർത്തനവും ക്യാമ്പിനെ വ്യത്യസ്തമാക്കി.