തൊടുപുഴ: മഴക്കാലത്തും വേനൽക്കാലത്തും തൊടുപുഴ നഗരത്തിലും സമീപ പഞ്ചായത്ത്‌ പ്രദേശങ്ങളിലും വൈദ്യുതി പ്രതിസന്ധി അതി രൂക്ഷമാവുകയാണ്. പതിവായിട്ടുണ്ടാകുന്ന വൈദ്യുതി മുടക്കവും വോൾട്ടേജ് ക്ഷാമവും പരിഹരിക്കുന്നതിന് ലക്ഷങ്ങൾ മുടക്കി ഓരോ തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വൈദ്യുതി സബ് സ്റ്റേഷനുകളും ട്രാൻസ്‌ഫോമറുകളും മറ്റ് അത്യാധുനിക സംവിധാനങ്ങളും ഒരുക്കുന്നുണ്ടെങ്കിലും വൈദ്യുതി പ്രതി സന്ധിയിൽ ജനങ്ങൾ നട്ടം തിരിയുകയാണ്.ഇതെല്ലാം പരിഹരിക്കാൻ മാറി മാറി ഭരണത്തിൽ വരുന്ന സർക്കാരുകൾ വിവിധ പദ്ധതികൾ ആവിഷ്ക്കരിക്കുന്നുണ്ടെങ്കിലും അതൊക്കെ പൂർണ്ണമായും ഫലപ്രാപ്തിയിൽ എത്തുന്നുമില്ല.തൊടുപുഴ നഗരസഭ പരിധിയിലും സമീപത്തുള്ള വിവിധ പഞ്ചായത്ത് പരിധിയിലും നൂറ് കണക്കിന് സർക്കാർ - സ്വകാര്യ ആശുപത്രികൾ, ഹോട്ടൽ, ബേക്കറി, റസ്റ്റോറന്റുകൾ,മറ്റ് വ്യാപാര - വ്യവസായ സ്ഥാപനങ്ങൾ, മെഡിക്കൽ ഷോപ്പുകൾ എന്നിങ്ങനെ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ വൈദ്യുതി പ്രതി സന്ധിയെ തുടന്ന് ഭാഗികമായും ചിലത് പൂർണ്ണമായും സ്തംഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.തൊടുപുഴ മേഖലയിൽ മിക്കവാറും സ്ഥലങ്ങളിൽ രാത്രി സമയങ്ങളിൽ വൈദ്യുതി പ്രശ്നം സംഭവിച്ചാൽ പിറ്റേന്ന് നേരം വെളുത്ത് പത്ത് മണിയോടെ ജീവനക്കാർ എത്തിയിട്ട് വേണം പരിഹാരം കാണാൻ.കോടികൾ മുടക്കി അത്യാധുനിക സാങ്കേതിക സംവിധനങ്ങൾ സജ്ജമാക്കുന്നുണ്ടെങ്കിലും പതിറ്റാണ്ടുകളുടെ രീതിയാണ് ഇപ്പോഴും തുടരുന്നതും. ചുള്ളിക്കമ്പും കിളികളും വൈദ്യുതി മുടക്കുന്നു തൊടുപുഴ മേഖല ഉൾപ്പെടുന്ന ലോറേഞ്ചിൽ മിക്കവാറും സ്ഥലങ്ങളിൽ ആധുനിക രീതിയിലുള്ള വൈദ്യുതി ലൈൻ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ലൈനിൽ ചെറിയ ചുള്ളിക്കമ്പ് വീണാലും കിളികളോ കാക്കയോ പറന്ന് പോകുന്നതിനിടയിൽ ലൈനിൽ പതിയെ തൊട്ടാൽ പോലും വൈദ്യുതി കട്ടാകുന്നുണ്ട്.ഇത്തരം നിസാര കാര്യങ്ങൾക്ക് പോലും ശാശ്വതമായ പരിഹാരം കാണാൻ അധികൃതർക്ക് കഴിയുന്നുമില്ല.

ടച്ചിംഗ് വെട്ട് പ്രഹസനം.

വൈദ്യുതി ലൈനിന് സമീപത്തുള്ള മരങ്ങളുടെ ശിഖരങ്ങൾ വെട്ടി മാറ്റുന്നത് മിക്കവാറും സ്ഥലങ്ങളിൽ വെറും പ്രഹസനങ്ങളാവുന്നുണ്ട്.വെട്ടി മാറ്റുന്ന ശിഖരങ്ങൾ റോഡരുകിൽ അപകടകടമായി തള്ളുന്നതും പതിവാണ്.