നെടുങ്കണ്ടം: രാമക്കൽമെട്ടിലെ ആമപ്പാറയിൽ അനെർട്ടിന്റെ അക്ഷയ സൗരോർജ പാർക്ക് പ്രവർത്തന സജ്ജമായി. ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം ഇന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഓൺലൈനായി നിർവഹിക്കും. സൗരോർജത്തിൽ നിന്നും കാറ്റിൽ നിന്നും ഒരേ സമയം വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനായി ആരംഭിച്ച പദ്ധതിയിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്ന ഘട്ടമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. ഇതിൽ നിന്ന് ഒരു മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും. 325 വാട്ട് ശേഷിയുള്ള 3042 ഇന്ത്യൻ നിർമിത സോളാർ പാനലുകളാണ് നാലേക്കറോളം വരുന്ന സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിനായി 12 കോടി രൂപയാണ് ചെലവാക്കിയിരിക്കുന്നത്. ഒരു വർഷം 13 ലക്ഷം യൂണിറ്റ് വൈദ്യുതി സൗരോർജ പാർക്കിൽ നിന്നും ഉത്പാദിപ്പിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ഘട്ടമായി കാറ്റാടി യന്ത്രങ്ങൾ സ്ഥാപിക്കും. ഇതിനുള്ള പഠനങ്ങളും കരാർ നടപടികളും ആരംഭിച്ചിട്ടുണ്ട്. മൂന്നാം ഘട്ടമായി ബാറ്ററി ഉപയോഗിച്ചുള്ള സംഭരണ സംവിധാനവും പാർക്കിൽ സ്ഥാപിക്കും. തദ്ദേശീയമായി വികസിപ്പിച്ച രാജ്യത്തെ ഏറ്റവും വലിയ ഗ്രിഡ് റ്റൈ ഇൻവെർട്ടർ സംവിധാനമാണ് അക്ഷയ പാർക്കിൽ സജ്ജമായിരിക്കുന്നത്. ഊർജ്ജ വിതരണത്തിലെ അസ്ഥിരത മൂലം വിതരണ ശൃംഖലയിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനാണ് 500 കിലോവാട്ട് ശേഷിയുള്ള രണ്ട് ഇൻവെർട്ടറുകൾ സ്ഥാപിച്ചിരിക്കുന്നത്. അനർട്ടിനുവേണ്ടി സി ഡാക്കാണ് ഇൻവെർട്ടറുകൾ തദ്ദേശീയമായി വികസിപ്പിച്ചത്. കെൽട്രോണാണ് ഇവ നിർമിച്ച് നൽകിയത്. മേഖലയിൽ അനർട്ടിന്റെ ഉടമസ്ഥതയിൽ 147 ഹെക്ടർ ഭൂമിയാണുള്ളത്. വർഷം മുഴുവൻ ശക്തമായ കാറ്റ് ലഭിക്കുന്നതും സൂര്യ പ്രകാശം ലഭിക്കുന്നതുമായ വിശാലമായ പുൽമേടുകളാണിത്. ഇക്കാരണത്താൽ കൂടുതൽ കാറ്റാടികളും സോളാർ പാനലുകളും സ്ഥാപിച്ച് വൻ തോതിൽ മേഖലയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിയ്ക്കാൻ സാധിക്കും. ഇന്ന് 3.30ന് തോവാളപ്പടി കമ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ എം.എം മണി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സൗരോർജ പാർക്കിന്റെ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വാർത്താസമ്മേളനത്തിൽ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭനാ വിജയൻ, പഞ്ചായത്തംഗം വിജിമോൾ വിജയൻ, അനർട്ട് ജില്ലാ എൻജിനിയർ നിതിൻ തോമസ്, അനർട്ട് റിട്ട. എൻജിനിയർ ജോസഫ് ജോർജ്ജ്, സംഘാടക സമിതി കൺവീനർ ജെ. പ്രദീപ് എന്നിവർ പറഞ്ഞു.