തൊടുപുഴ: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ ഓഫീസിന്റെയും കേരള കൗമുദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഇന്ന് മുട്ടം ഗവ. ഹൈസ്‌കൂളിൽ ലോക പരിസ്ഥിതി ദിനാചരണവും ബോധവത്കരണ ക്ലാസും നടത്തും. രാവിലെ 11ന് സ്‌കൂൾ ഹെഡ്മാസ്റ്റർ ബിജു സ്‌കറിയയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഹരിതകേരളം മുൻ കോ- ഓർഡിനേറ്റർ ഡോ. ജി.എസ്. മധു ഉദ്ഘാടനം ചെയ്യും. ഇതിനോടനുബന്ധിച്ച് സ്‌കൂൾ വിദ്യാർത്ഥികളിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിനായുള്ള പ്രദർശനവും ലഘു വീഡിയോ പ്രദർശനവും ഉണ്ടാകും. ഈ വർഷത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം ആയ 'ഒരേ ഒരു ഭൂമി' എന്ന വിഷയത്തെ ആസ്പദമാക്കി ജില്ലാ പരിസ്ഥിതി എൻജിനിയർ എബി വർഗീസ് അവതരണം നടത്തും. കേരളകൗമുദി സീനിയർ സബ് എഡിറ്റർ പി.ടി. സുഭാഷ് ആശംസാ പ്രസംഗം നടത്തും. സോനാ തോമസ് സ്വാഗതവും അജ്മി അനീഷ് നന്ദിയും പറയും. ഹൈസ്‌കൂൾ വിഭാഗം വിദ്യാർത്ഥികളെ ഉൾപ്പെടുത്തി പരിസ്ഥിതി പ്രാധാന്യമുള്ള വിഷയങ്ങളിൽ നടത്തിയ ക്വിസ് മൽസരത്തിന്റെ വിജയികൾക്കുള്ള സമ്മാനദാനവും നടത്തും. പാഴ്‌വസ്തുക്കൾ വലിച്ചെറിയാതെ പരമാവധി പുനരുപയോഗിക്കുക എന്ന സന്ദേശം വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുന്നതിനായി പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച കരകൗശല വസ്തുക്കളുടെ പ്രദർശനവും ഉണ്ടാകും. വിജയികൾക്ക് സമ്മാനവും സർട്ടിഫിക്കറ്റും വിതരണം ചെയ്യും. തുടർന്ന് വൃക്ഷ തൈകൾ നടും.