തൊടുപുഴ: പരിസ്ഥിതി ലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സുപ്രീകോടതിയിൽ നിന്നുണ്ടായ വിധി ആയിരക്കണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കുന്നതാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ പറഞ്ഞു. ജനവാസകേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും തോട്ടങ്ങളെയും ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാർ തന്നെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനം കേരളമാണ്. കോടതി വിധി നടപ്പിലാക്കിയാൽ ജില്ലയിൽ പതിനായിരക്കണക്കിന് ആളുകളുടെ ജീവിതം വഴിമുട്ടും. ഈ വിധി നടപ്പിലാക്കാതിരിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതാണ്. ഇപ്പോൾ തന്നെ വനമേഖലയ്ക്ക് പുറത്ത് താമസിക്കുന്നവരുടെ കൃഷി വെട്ടിനശിപ്പിച്ച് കർഷകരെ ദ്രോഹിക്കുന്ന സമീപനമാണ് വനംവകുപ്പ് നടത്തുന്നത്. ഈ വിധി തിരുത്തപ്പെടേണ്ടതാണ്. വനം മേഖലയ്ക്ക് പുറത്ത് താമസിക്കുന്ന കൃഷിക്കാർക്ക് സുരക്ഷിതമായി കഴിയാൻ വേണ്ട അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.