പീരുമേട്: പാറക്കുളത്തിൽ വീണ കേഴമാനിനെ അഗ്നിരക്ഷാ സേന രക്ഷിച്ചു. കരടിക്കുഴി അമ്പത്തിയാറാം മൈൽ മുളകുപറമ്പിൽ വീട്ടിൽ വൽസലാ സുശീലന്റെ പുരയിടത്തിനോട് ചേർന്നുള്ള പാറക്കുളത്തിൽ വീണ കേഴമാനിനെയാണ് അഗ്നി രക്ഷാ സേന രക്ഷപെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് കേഴ കുളത്തിൽ അകപ്പെട്ടത്. തുടർന്ന് വനം വകുപ്പിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷാ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും ശ്രമം പരാജയപ്പെട്ടു. തുടർന്ന് പീരുമേടിൽ നിന്ന് ഫയർഫോഴ്‌സെത്തി കേഴയെ രക്ഷപെടുത്തി കരയ്ക്കെത്തിച്ചു. ഏകദേശം 40 അടി താഴ്ചയുള്ള കുളത്തിൽ പത്തടിയോളം വെള്ളം ഉണ്ടായിരുന്നു. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.കെ. സുരേഷ്, ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർമാരായ ജി. ഗോപൻ, സി. പ്രഭോഷ് ചന്ദ്രൻ, കെ.ആർ. അർജുനൻ, എബ്രഹാം റിനു വർഗീസ്, ടി.വി. റെജിമോൻ എന്നിവരടങ്ങിയ സംഘമാണ് കേഴയെ രക്ഷപ്പെടുത്തി വനംവകുപ്പിന് കൈമാറിയത്.