മുട്ടം: ജില്ലാ ആരോഗ്യ വകുപ്പ്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്, മുട്ടം ഗ്രാമ പഞ്ചായത്ത്,സാമൂഹിക ആരോഗ്യകേന്ദ്രം എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ റാലിയും സെമിനാറും വൃക്ഷത്തൈ നടീലും സംഘടിപ്പിച്ചു. മുട്ടം ഗ്രാമപഞ്ചായത്തിൽ നിന്ന് ആരംഭിച്ച റാലി പഞ്ചായത്ത്‌ പ്രസിഡന്റ് ഷൈജ ജോമോൻ ഫ്ലാഗ് ഓഫ് ചെയ്തു.ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസാ ജോസ്, വൈസ് പ്രസിഡന്റ് എൻ.കെ ബിജു, ഡെപ്യൂട്ടി ഡിഎംഒ ഡോ.സുരേഷ് വർഗീസ് എന്നിവർ റാലിക്ക് നേതൃത്വം നൽകി. സി എച്ച് സി യിൽ വെച്ച് പരിസ്ഥിതി ദിന സെമിനാറും നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. കെ ബിജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സെമിനാർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് ഉദ്ഘാടനം ചെയ്തു. തോംസൺ പി ജോഷ്വാ വിഷയ അവതരണം നടത്തി.ഡോ. സാം വി ജോൺ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനൂപ് കെ, സി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ.പ്രിൻസ് കെ മറ്റം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഗ്ലോറി കെ പൗലോസ്, ലാലി വിൻസന്റ്, ഹെൽത്ത് സൂപ്പർവൈസർ ഷാജി പി. എം, ഹെൽത്ത് ഇൻസ്പെക്ടർ ജൂബി തോമസ് എന്നിവർ സംസാരിച്ചു. ടർന്ന് സി.എച്ച്. സി കോമ്പൗണ്ടിൽ ജില്ലാ മെഡിക്കൽ ഓഫീസറും ജനപ്രതിനിധികളും ചേർന്ന് ഫലവൃക്ഷതൈകൾ നട്ടു.