കട്ടപ്പന : വെള്ളയാംകുടി എസ് എം എൽ ജംഗ്ഷനിൽ റോഡരികിലെ ട്രാൻസ്ഫോർമർ വേലിക്കുള്ളിൽ ആഡംബര ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് പതിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ആർ റ്റി ഒ അപകട സ്ഥലം സന്ദർശിച്ചു. ട്രാൻസ്ഫോർമർ വേലിയ്ക്കുള്ളിലേയ്ക്ക് ബൈക്ക് പതിക്കാനിടയായത് ബൈക്കുകൾ തമ്മിലുള്ള മത്സര ഓട്ടത്തെ തുടർന്നെന്നാണ്
മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ.സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അപകടത്തിൽപ്പെട്ട ബൈക്ക് നൂറ് കിലോമീറ്ററിന് മുകളിൽ വേഗതയിലാകാം എത്തിയതെന്ന് ആർ ടി ഒ
പി.എ നസീർ പറഞ്ഞു. അത്രയും വേഗതയിൽ വന്ന് നിയന്ത്രണം നഷ്ടമായത് കൊണ്ടാകാം ഏഴടിയോളം പൊക്കമുള്ള സുരക്ഷാ വേലിയ്ക്കുള്ളിൽ ബൈക്ക് പതിച്ചത്.ബൈക്ക് ഓടിച്ചിരുന്ന വെള്ളയാംകുടി സ്വദേശി വിഷ്ണു പ്രസാദിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.മറുപടി ലഭിച്ച ശേഷമാകും ലൈസൻസ് റദ്ദാക്കണമോയെന്ന് തീരുമാനിക്കുകയെന്നും ആർ ടി ഒ വിശദമാക്കി. മത്സരയോട്ടത്തിൽ ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു ബൈക്കുകൾ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ ബൈക്കുകളുടെ സൈഡ് വ്യൂ മിററും പിന്നിലെ നമ്പർ പ്ലേറ്റും മോഡിഫൈ ചെയ്തിട്ടുണ്ട്.മോട്ടോർ വാഹന വകുപ്പിന് പുറമേ കെ എസ് ഇ ബി യുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസും വിഷ്ണു പ്രസാദിനെതിരെ കേസെടുത്തിട്ടുണ്ട്. വെള്ളയാംകുടിയിലേതടക്കം അമിത വേഗത കാരണമുണ്ടാകുന്ന ഇരുചക്ര വാഹനാപകടങ്ങൾ വർധിക്കുന്നതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കും.മൂന്നാം തിയതി വൈകിട്ട് നാലരയ്ക്കാണ് അമിതവേഗതയിലെത്തിയ ഡ്യൂക്ക് ബൈക്ക് നിയന്ത്രണം നഷ്ടമായി ട്രാൻസ്‌ഫോർമറിന്റെ വേലിക്കുള്ളിലേക്ക് പതിച്ചത്.ബൈക്ക് ഓടിച്ചിരുന്ന വിഷ്ണു പ്രസാദ് നിസാര പരുക്കുകളോടെ ഒപ്പമുണ്ടായിരുന്നവരുടെ ബൈക്കിൽ കയറി രക്ഷപെടുകയും ചെയ്തിരുന്നു.