തൊടുപുഴ: സംരക്ഷിത വനമേഖലയ്ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ ഭൂപ്രദേശം പരിസ്ഥിതി ലോല മേഖലയായി പരിരക്ഷിക്കണമെന്ന സുപ്രീംകോടതി വിധി അപ്രായോഗികവും അശാസ്ത്രീയവുമാണെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ്. അശോകനും കൺവീനർ പ്രൊഫ. എം.ജെ. ജേക്കബ്ബും പറഞ്ഞു. ജനങ്ങളുടെ ആവാസ വ്യവസ്ഥയെ തകിടം മറിക്കുന്നതാണ് സുപ്രീംകോടതി വിധി. സുപ്രീംകോടതി വിധിയെ സംബന്ധിച്ച് കേരളത്തിലെ ജനങ്ങൾക്ക് ആശങ്ക വേണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളെ വീണ്ടും കബിളിപ്പിക്കാനാണ്. ഭൂമിപതിവ് ചട്ടങ്ങൾ കാലാനുസൃതമായി ഭേദഗതി ചെയ്യണമെന്ന 2019 ഡിസംബർ 17 ലെ സർവ്വകക്ഷി യോഗ തീരുമാനം ഇതുവരെ നടപ്പാക്കാത്ത സർക്കാരിനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് കേരളത്തിലെ ജനങ്ങൾക്ക് നന്നായി അറിയാം. രാജ്യത്ത് നിലനിന്നു പോരുന്ന ജനങ്ങളുടെ ആവാസ വ്യവസ്ഥയെ സംബന്ധിച്ച് സുപ്രീം കോടതിയെ വേണ്ട വിധത്തിൽ ബോധ്യപ്പെടുത്താൻ കഴിയാതെ പോയതിന്റെ പരിണിത ഫലമാണ് വിവാദ സുപ്രീം കോടതി വിധി. സുപ്രീം കോടതി വിധി അസ്ഥിരപ്പെടുത്താൻ കേരള സർക്കാർ കേസിൽ കക്ഷി ചേരണം. വിവാദ സുപ്രീം കോടതി വിധി അതിജീവിക്കാൻ കക്ഷിരാഷ്ട്രീയം മറന്നുള്ള ഒറ്റക്കെട്ടായ ജനകീയ മുന്നേറ്റം അനിവാര്യമാണ്. ആയതിനു വേണ്ടി സംസ്ഥാന സർക്കാർ അടിയന്തിരമായി സർവ്വകക്ഷി യോഗം വിളിച്ചു കൂട്ടണമെന്നും യു.ഡി.എഫ് നേതാക്കൾ ആവശ്യപ്പെട്ടു.