 
നെടുങ്കണ്ടം: ഉൾനാടൻ മത്സ്യകൃഷികൊണ്ട് കർഷകരുടെ സമ്പത്തിക ഭദ്രത ശക്തിപ്പെടുത്താൻ സാധിക്കുമെന്ന് എം. എം മണി എംഎൽഎ. നവീകരിച്ച നെടുങ്കണ്ടം മത്സ്യഭവൻ കാര്യാലയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യഭവൻ കാര്യാലയത്തിന്റെ ശിലാഫലക അനാച്ഛാദന കർമ്മവും എംഎൽഎ നിർവഹിച്ചു.
നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഫിഷറീസ് മദ്ധ്യമേഖല ജോയിന്റ് ഡയറക്ടർ സാജു എം.എസ് റിപ്പോർട്ട് അവതരിപ്പിച്ചു.
2014ലെ മത്സ്യവിത്ത് നിയമം എന്ന വിഷയത്തിൽ എച്ച്. സലീമും ( ഫിഷറീസ് ജോയിന്റ് ഡയറക്ടർ ആന്റ് മെമ്പർ സെക്രട്ടറി, സംസ്ഥാന മത്സ്യവിത്ത് കേന്ദ്രം) ഫിഷറീസ് വകുപ്പ് ജില്ലയിൽ നടപ്പാക്കുന്ന പദ്ധതികൾ എന്ന വിഷയത്തിൽ ഡോ. ജോയ്‌സ് എബ്രാഹമും സംസാരിച്ചു. . ഉടുമ്പൻചോല, ദേവികുളം, പീരുമേട് താലൂക്കുകൾ പ്രവർത്തന പരിധിയായുള്ള നെടുങ്കണ്ടം മത്സ്യഭവന്റെ പ്രവർത്തനത്തിനായി നെടുങ്കണ്ടം ടൗണിലെ താലൂക്ക് ഓഫീസ് കെട്ടിടം 2020 ഒക്ടോബർ മുതൽ അനുവദിക്കുകയും സർക്കാരിൽ നിന്നു ലഭിച്ച 8.5 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച. നെടുങ്കണ്ടം മത്സ്യഭവൻ പൂർണ്ണമായി പ്രവർത്തന സജ്ജമായതോടെ ഉടുമ്പൻചോല, പീരുമേട്, ദേവികുളം താലൂക്കുകളിൽ അധിവസിക്കുന്ന ജനങ്ങൾക്ക് ഫിഷറീസ് വകുപ്പിന്റെ സേവനങ്ങൾ കൂടുതൽ സൗകര്യപ്രദമായി ലഭിക്കും.
നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. കുഞ്ഞ്, നെടുംകണ്ടം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജീഷ് മുതുകുന്നേൽ, കരുണാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിൻസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു സഹദേവൻ, സുരേഷ് പള്ളിയാടിയിൽ, വിജിമോൾ വിജയൻതുടങ്ങിയവർ പങ്കെടുത്തു.