തൊടുപുഴ: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ ഓഫീസിന്റെയും കേരള കൗമുദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ ബോധവത്കരണ ക്ലാസ് നാളത്തെ തലമുറയായ കുരുന്നുകളിൽ പരിസ്ഥിതി അവബോധമുണർത്തുന്നതായി. ഇന്നലെ മുട്ടം ഗവ. ഹൈസ്‌കൂളിൽ നടന്ന ലോക പരിസ്ഥിതി ദിനാചരണവും ബോധവത്കരണ ക്ലാസും ഹരിതകേരളം മുൻ കോ- ഓർഡിനേറ്റർ ഡോ. ജി.എസ്. മധു ഉദ്ഘാടനം ചെയ്തു. ഒന്നും ഒരിക്കലും വലിച്ചെറിയാത്ത ഒരു തലമുറയായി കുട്ടികൾ മാറണമെന്ന് അദ്ദേഹം പറഞ്ഞു. കുടിവെള്ളവും ഭക്ഷണവും വായുവും മലിനമാകുന്ന കാലഘട്ടമാണിത്. ഒന്നും വിശ്വസിച്ച് കുടിക്കാനോ കഴിക്കാനോ ഇന്ന് കഴിയുന്നില്ല. കഴിക്കുന്ന ഓരോ വസ്തുവും ഗുരുതരമായി നമ്മുടെ ജീവനെ ബാധിക്കുമെന്ന ആശങ്ക നമുക്കുണ്ട്. ഈ സാഹചര്യത്തിൽ നാട് നന്നാകാൻ ആദ്യം സ്വയം നന്നാകണമെന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞതുപോലെ മലിനീകരണം തടയാൻ നമുക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് നാം ചിന്തിക്കണം. മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുകയെന്നതാണ് പ്രധാനം. അജൈവ മാലിന്യങ്ങൾ പുനചംക്രമണത്തിന് വിനിയോഗിക്കാൻ നാം മുൻകൈയെടുക്കണം. ഇവ

ഹരിത കർമ്മ സേനയ്ക്ക് നൽകാം. അഴുകുന്ന മാലിന്യങ്ങൾ സംസ്കരിച്ച് വളമാക്കി മാറ്റാനാകണമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂൾ ഹെഡ്മാസ്റ്റർ ബിജു സ്‌കറിയ അദ്ധ്യക്ഷത വഹിച്ചു. ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യമായ 'ഒരേ ഒരു ഭൂമി' എന്ന വിഷയത്തെ ആസ്പദമാക്കി ജില്ലാ പരിസ്ഥിതി എൻജിനിയർ എബി വർഗീസ് അവതരണം നടത്തി. പരിസ്ഥിതി ബോധവത്കരണം കുട്ടികളിലൂടെ നടത്തുമെന്ന് സമൂഹത്തിൽ ക്രിയാത്മകമായ മാറ്റങ്ങൾക്ക് ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാലിന്യനിക്ഷേപം മൂലം പ്രകൃതിക്കുണ്ടാകുന്ന ദോഷങ്ങളെക്കുറിച്ച് വീഡിയോ ദൃശ്യങ്ങളുടെ സഹായത്തോടെയായിരുന്നു അവതരണം. കേരളകൗമുദി സീനിയർ സബ് എഡിറ്റർ പി.ടി. സുഭാഷ്,​ പി.ടി.എ പ്രസിഡന്റ് കൃഷ്ണൻ കണിയാപുരം എന്നിവർ ആശംസാ പ്രസംഗം നടത്തി. സോനാ തോമസ് സ്വാഗതവും അജ്മി അനീഷ് നന്ദിയും പറഞ്ഞു. ഹൈസ്‌കൂൾ വിഭാഗം വിദ്യാർത്ഥികളെ ഉൾപ്പെടുത്തി പരിസ്ഥിതി പ്രാധാന്യമുള്ള വിഷയങ്ങളിൽ നടത്തിയ ക്വിസ് മത്സരത്തിന്റെയും കരകൗശല വസ്തു നിർമ്മാണത്തിലെയും വിജയികൾക്ക് സമ്മാനദാനം നടത്തി. ഇതോടനുബന്ധിച്ച് പാഴ്‌വസ്തുക്കൾ വലിച്ചെറിയാതെ പരമാവധി പുനരുപയോഗിക്കുക എന്ന സന്ദേശം വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുന്നതിനായി പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച കരകൗശല വസ്തുക്കളുടെ പ്രദർശനവും ഉണ്ടായിരുന്നു. യോഗ ശേഷം സ്കൂൾ മുറ്റത്ത് വൃക്ഷ തൈകൾ നട്ടു.