നെടുങ്കണ്ടം: കാട്ടാനശല്യം തടയാൻ തേവാരംമെട്ടിൽ നെടുങ്കണ്ടം പഞ്ചായത്ത് നിർമിച്ച സൗരവൈദ്യുതി വേലിയുടെ ഉദ്ഘാടനം എം.എം.മണി എം.എൽ.എ.നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയൻ അദ്ധ്യക്ഷത വഹിച്ചു.

തമിഴ്‌നാട് വനമേഖലയിൽനിന്ന് എത്തുന്ന കാട്ടാനകളും കാട്ടുപന്നികളും തേവാരംമെട്ടിൽ കൃഷിയും വീടുകളും നശിപ്പിക്കുന്നത് പതിവാണ്. കർഷകരുടെ ഏലച്ചെടികൾ അടക്കം ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് മേഖലയിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഉണ്ടായത്.സൗരവൈദ്യുതിവേലി സ്ഥാപിക്കണമെന്ന ആവശ്യം പ്രദേശവാസികൾ ഉന്നയിച്ചത്. തേവാരംമെട്ടിൽ ഒരു കിലോമീറ്റർ നീളത്തിലാണ് സൗരവൈദ്യുതിവേലി സ്ഥാപിച്ചിരിക്കുന്നത്. നാല് ലക്ഷം രൂപയാണ് പഞ്ചായത്ത് ഇതിനായി ചെലവഴിച്ചത്. സൗരവൈദ്യുതിവേലി സ്ഥാപിക്കുന്നതിനൊപ്പം പ്രദേശത്ത് വൈദ്യുതി വിളക്കുകൾ സ്ഥാപിക്കാനും ധാരണയായിട്ടുണ്ട്. തവാരംമെട്ടിനൊപ്പം അണക്കരമെട്ടിലും സൗരവൈദ്യുതിവേലി നിർമാണം പുരോഗമിക്കുകയാണ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.കുഞ്ഞ് വൈദ്യുതി വേലിയുടെ സ്വച്ച് ഓൺ കർമം നിർവഹിച്ചു. പഞ്ചായത്തംഗങ്ങളായ ബിന്ദു സഹദേവൻ, പത്മ അശോകൻ തുടങ്ങിയവർ പ്രസംഗിച്ചു.