ഇടുക്കി: മൂന്നാർ പൊലീസ് സ്റ്റേഷനിൽ നിന്ന് തീവ്രവാദ സ്വഭാവമുള്ള സംഘടനകൾക്ക് രഹസ്യ വിവരം ചോർത്തി നൽകിയ സംഭവത്തിൽ ആരോപണ വിധേയനായ ഉദ്യോഗസ്ഥന്റെ ഭാര്യ പരാതിയുമായി രംഗത്ത്. ഭർത്താവിനെതിരായ ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യം അന്വേഷിച്ച് സത്യം പുറത്ത് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് കട്ടപ്പന സ്വദേശിയായ വീട്ടമ്മയാണ് സംസ്ഥാന പൊലീസ് മേധാവിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയത്. പരാതി ലഭിച്ചതായും അന്വേഷിക്കാനായി മൂന്നാർ ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തിയതായും ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസ്വാമി പറഞ്ഞു. തങ്ങൾ മിശ്രവിവാഹിതരാണെന്നും രണ്ട് കുട്ടികളുണ്ടെന്നും മതാചാരങ്ങൾ പിന്തുടരുന്നവരല്ലെന്നുമാണ് പരാതിയിൽ പറയുന്നത്. തന്റെ ഭർത്താവ് ഇതര മതസ്ഥനായിട്ടും തന്നോട് മതം മാറാനോ അവരുടെ ആചാരങ്ങൾ പിന്തുടരാനോ ആവശ്യപ്പെട്ടിട്ടില്ല.
പൊലീസ് അസോസിയേഷൻ തിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഇത്തരമൊരു വ്യാജ ആരോപണങ്ങൾക്ക് കാരണം. ചില ഗൂഢ ശക്തികൾ തങ്ങളെ കരിവാരി തേക്കുന്നതിനും സമൂഹത്തിൽ അപമാനിക്കുന്നതിനുമാണ് ശ്രമിക്കുന്നത്. പത്രവാർത്തകൾ വരുന്നതിന് 10 ദിവസം മുമ്പ് ഇടുക്കി സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ വിളിച്ച് തനിക്ക് തീവ്രവാദ ബന്ധമുണ്ടോ എന്ന് ഭർത്താവിനോട് ചോദിച്ചിരുന്നു. ഇദ്ദേഹവും മൂന്നാർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനുമാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിൽ. ഇത് മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകിയതും ഇരുവരും ചേർന്നാണെന്ന് പരാതിയിൽ പറയുന്നു. തീവ്രവാദ സംഘടനകൾക്ക് വിവരം ചോർത്തിയെന്ന ആരോപണത്തിൽ മൂന്നാറിലെ മൂന്ന് ഉദ്യോഗസ്ഥരാണ് നിലവിൽ അന്വേഷണം നേരിടുന്നത്.