കുമളി: വില്ലേജ് അടിസ്ഥാനത്തിൽ ഭൂമി തരം മാറ്റൽ നടത്തുന്നതിനോടനുബന്ധിച്ച് കുമളി വില്ലേജ് ഓഫീസിൽ അദാലത്ത് സംഘടിപ്പിച്ചു. 2018 ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ ഭേദഗതി നിയമപ്രകാരം വില്ലേജ് രേഖയിൽ നിലമെന്ന് രേഖപ്പെടുത്തുകയും എന്നാൽ 2008ന് മുമ്പ് പരിവർത്തനപ്പെടുത്തുകയും ചെയ്ത അപേക്ഷകളാണ് അദാലത്തിൽ പരിഗണിച്ചത്. 2021 നവംബർ 30 വരെ വില്ലേജ് അടിസ്ഥാനത്തിൽ ഓഫ്‌ലൈനായി ലഭിച്ച 25 പരാതികൾ അദാലത്തിൽ പരിഗണിച്ചു. 19 കേസുകൾ തീർപ്പാക്കുന്നതിനൊപ്പം മൂന്ന് പേർക്ക് വില്ലേജിൽ നിന്നും നേരിട്ട് ഉത്തരവുകളും കൈമാറി. താലൂക്ക് അടിസ്ഥാനത്തിൽ മുമ്പ് ലഭിച്ച 69 പരാതികളിൽ 44 എണ്ണം നേരത്തെ തീർപ്പാക്കിയിരുന്നു. ജനുവരി 31 മുതൽ ഓൺലൈനായി ലഭിച്ച പരാതികൾ ജൂൺ, ജൂലായ് മാസങ്ങൾക്കുള്ളിൽ തീർപ്പാക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് ആദാലത്തിന് നേതൃത്വം നൽകിയ ഇടുക്കി ആർ.ഡി.ഒ എം.കെ. ഷാജി അറിയിച്ചു. ഇതിനായി 18 ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഭൂമി സംബന്ധമായ പരാതിയിൽ സംശയം തോന്നുന്ന അപേക്ഷകളിൽ ആർ.ഡി.ഒ നേരിട്ട് പരിശോധന നടത്തിയ ശേഷം നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. അദാലത്തിൽ ആർ.ഡി.ഒയ്ക്ക് പുറമേ കുമളി വില്ലേജ് ഓഫീസർ എം.കെ. മനുപ്രസാദ്, കൃഷി ഓഫീസർ സോജി തോമസ്, ഹെഡ്ക്ലാർക്ക് പി.ബി. ബിജമോൻ എന്നിവർ പങ്കെടുത്തു.