തൊടുപുഴ: ഇടുക്കി ജില്ലാ ആയുർവേദ ആശുപത്രിയിൽ ലോക പരിസ്ഥിതി വാരാചരണത്തിന് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി ഔഷധസസ്യ പ്രദർശനവും അസംസ്‌കൃത ഔഷധങ്ങളുടെ അവബോധനവും സംഘടിപ്പിച്ചു. ആശുപത്രി കോമ്പൗണ്ടിൽ ഔഷധസസ്യത്തൈകൾ നട്ടുപിടിപ്പിക്കുകയും ആശുപത്രി ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഔഷധ സസ്യങ്ങളുടെ ഗുണങ്ങൾ, ഉപയോഗം, കൃഷിരീതികൾ, പരിപാലനം എന്നിവയെക്കുറിച്ച് ബോധവത്കരണം നടത്തുകയും ചെയ്തു. 'ഒരേയൊരു ഭൂമി' എന്ന സന്ദേശവാക്യത്തെ ആധാരമാക്കി പരിസ്ഥിതി സംരക്ഷണത്തിനും മലിനീകരണ നിവാരണത്തിനും മാലിന്യങ്ങളുടെ ആരോഗ്യപരമായ സംസ്‌കരണത്തിനും പ്രാധാന്യം നൽകിയാണ് പരിസ്ഥിതിവാരാചരണ പരിപാടികൾ നടന്നുവരുന്നത്. വിദഗ്ദ്ധ ഡോക്ടർമാരുടെയും പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാരുടെയും നേതൃത്വത്തിലാണ് ക്ലാസുകൾ ഉൾപ്പെടെയുള്ള പരിശീലന പരിപാടികൾ നടക്കുന്നത്. ഇതിന് മുന്നോടിയായി, ആശുപത്രി കെട്ടിടങ്ങളും പരിസരവും ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്തു. തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ്, വാർഡ് കൗൺസിലർ ശ്രീലക്ഷ്മി കെ. സുദീപ് എന്നിവർ ഔഷധപ്രദർശനം വീക്ഷിച്ചു. പ്രദർശനത്തിൽ അപൂർവങ്ങളായതും വീട്ടുവളപ്പിൽ വച്ചുപിടിപ്പിക്കാവുന്നതുമായ ഔഷധസസ്യങ്ങൾ, അപരാജിത ധൂപം, ഷഡംഗം, ദശമൂലം, നാല്പാമരം തുടങ്ങിയ ഔഷധക്കൂട്ടുകൾ വച്ചിരുന്നു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതും നിത്യേന ഉപയോഗിക്കാവുന്നതുമായ ഭക്ഷണങ്ങളുടെയും പാനീയങ്ങളുടെയും വിവരണങ്ങളും പ്രദർശിപ്പിച്ചിരുന്നു.