ചെറുതോണി: വനാതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ പരിധിവരെ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കാനുള്ള സുപ്രീംകോടതിയുടെ ഉത്തരവ് മലയോര മേഖലയുടെ തകർച്ച പൂർണ്ണമാക്കുമെന്നതിനാൽ ഇത് അംഗീകരിക്കാനാകില്ലെന്നും കേന്ദ്രസംസ്ഥാന സർക്കാരുകൾ ഇത് സംബന്ധിച്ച് കർഷകർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്നും കേരളാ കോൺഗ്രസ് (എം) ഇടുക്കി ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ പറഞ്ഞു.

1977 ന് മുൻപ് തന്നെ വനഭൂമിയും കൃഷിഭൂമിയും റവന്യൂ ഭൂമിയും ജോയിന്റ് വേരിഫിക്കേഷനിലൂടെ വേർതിരിച്ചിട്ടുള്ളതും വനം വകുപ്പ് വനംഭൂമി ജണ്ടയിട്ട് തിരിച്ച് സംരക്ഷിച്ച് വരുന്നതുമാണ്. കൂടുതൽ നിയമങ്ങൾ ഏർപ്പെടുത്തുന്നതിലൂടെ മലയോര മേഖലയിൽ നിന്നും അപ്രഖ്യാപിത കുടിയൊഴിപ്പിക്കലാണ് ചുരുങ്ങിയ കാലംകൊണ്ട് നടപ്പിലാക്കുന്നത്.

. സംസ്ഥാന സർക്കാരും കേരളാ കോൺഗ്രസ് (എം) ഉൾപ്പെടെയുള്ള പാർട്ടികളും വനം വകുപ്പിന്റെ ജെണ്ടക്ക് പുറത്തുള്ള ഭൂമി ഒരു കാരണവശാലും ബഫർസോണായി മാറ്റരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് മുന്നിൽ ആവശ്യം ഉന്നയിച്ചിട്ടുള്ളതാണ്. സംസ്ഥാന സർക്കാരിന് ബഫർസോൺ സംബന്ധിച്ച തീരുമാനമെടുക്കാൻ അധികാരം നൽകുമെന്ന ഉത്തരവിലെ പരാമർശം ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ജോസ് പാലത്തിനാൽ പറഞ്ഞു.