board

കട്ടപ്പന : നഗരസഭയിലെ വിനോദ സഞ്ചാര സാദ്ധ്യതകൾ ഏറെയുള്ള കേന്ദ്രങ്ങളിൽ ഒന്നായ നിർമ്മലാസിറ്റി ടോപ്പിൽ വനം വകുപ്പ് പ്രവേശനം നിഷേധിച്ച് ബോർഡ് സ്ഥാപിച്ചു. ചൊവ്വാഴ്ച്ച രാവിലെയാണ് വനഭൂമിയും റവന്യൂ ഭൂമിയും തിരിച്ചുള്ള ജണ്ടയ്ക്ക് സമീപം ബോർഡ് സ്ഥാപിച്ചത്.റിസർവ്വ് വനഭൂമിയാണെന്നും അനുമതിയില്ലാതെ പ്രവേശിച്ചാൽ വന നിയമപ്രകാരം ശിക്ഷ ലഭിക്കുമെന്നാണ് ബോർഡിൽ സൂചിപ്പിരിക്കുന്നത്.വനം വകുപ്പിന്റെ നടപടിയിൽ പ്രതിഷേധവുമായി പൊതുപ്രവർത്തകർ രംഗത്തെത്തി.വിനോദ സഞ്ചാര സാദ്ധ്യതകൾ ഏറെയുള്ള നിർമ്മലാ സിറ്റി ടോപ്പിൽ പ്രവേശനം നിഷേധിച്ചത് അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് നഗരസഭാ ചെയർപേഴ്സൺ ബീനാ ജോബി പറഞ്ഞു. നഗരസഭയുടെ വിൻഡ്മിൽ അടക്കമുള്ള ടൂറിസം സർക്യൂട്ട് പദ്ധതിയിൽ ഈ പ്രദേശമുണ്ട്.സംരക്ഷിത വനഭൂമിയുടെ ഒരു കിലോമീറ്റർ പരിധി പരിസ്ഥിതി ലോല പ്രദേശമായി നിലനിർത്തണമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ ഇത്തരം ബോർഡുകൾ സ്ഥാപിക്കുന്നത് പ്രദേശവാസികളെയും ആശങ്കയിലാഴ്ത്തുന്നുണ്ട്.അതേ സമയം പ്രദേശത്ത് അടുത്തിടെയുണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിലും

മദ്യപസംഘങ്ങളുടെ ശല്യം രൂക്ഷമാണെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുമാണ് പ്രവേശനം നിയന്ത്രിച്ചുള്ള ബോർഡ് സ്ഥാപിച്ചതെന്ന് വനം വകുപ്പ് കട്ടപ്പന സെക്ഷൻ ഓഫീസർ അറിയിച്ചു.

• നിരവധി സഞ്ചാരികൾ എത്തുന്നയിടം

വിനോദ സഞ്ചാരികളും സ്വദേശികളുമടക്കം നിരവധിയാളുകൾ എത്തുന്ന പ്രദേശമാണ് നിർമ്മലാസിറ്റി ടോപ്പ് .ഇടുക്കി ജലാശയത്തിന്റെ വശ്യഭംഗിയും സദാസമയം വീശുന്ന കാറ്റുമാണ് പ്രത്യേകത.എന്നാൽ മദ്യപ സംഘങ്ങൾ കുടുംബസഹിതമെത്തുന്ന സഞ്ചാരികൾക്ക് ഭീഷണിയാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ദമ്പതികൾക്ക് നേരെ ഉണ്ടായ സദാചാര ഗുണ്ടായിസമാണ് ഒടുവിലത്തെ സംഭവം. ബോർഡ് സ്ഥാപിച്ചതിന്റെ പേരിൽ സഞ്ചാരികളെ തടയുകയില്ല എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും നഗരസഭയുടെ വിൻഡ്മിൽ പോലുള്ള ബൃഹത് പദ്ധതികൾക്ക് വനം വകുപ്പിന്റെ ഇത്തരം നീക്കങ്ങൾ വെല്ലുവിളിയാകും.