തൊടുപുഴ: നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി വകുപ്പുകളുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി. അളവുതൂക്ക ഉപകരണങ്ങളിൽ കൃത്രിമം നടത്തുക, വിലവിവര പട്ടിക പ്രദർശിപ്പിക്കാതിരിക്കുക, ലൈസൻസില്ലാതെ വ്യാപാരം നടത്തുക തുടങ്ങിയ നിയമ ലംഘനങ്ങൾ പിടികൂടുന്നതിനായിട്ടായിരുന്നു പരിശോധന. കടകളിൽ അതതു ദിവസത്തെ വില വിവര പട്ടിക പ്രദർശിപ്പിക്കണമെന്ന് കർശന നിർദേശം നൽകി. സീൽ പതിപ്പിക്കാത്ത ത്രാസുകൾ ഉപയോഗിച്ച് സാധനങ്ങൾ തൂക്കി നൽകുന്നുണ്ടോയെന്നാണ് പ്രധാനമായും പരിശോധിച്ചത്. എന്നാൽ കാര്യമായ ക്രമക്കേടുകൾ കണ്ടെത്താനായില്ലെന്ന് താലൂക്ക് സപ്ലൈ ഓഫീസർ ബൈജു കെ. ബാലൻ പറഞ്ഞു. റേഷനിംഗ് ഇൻസ്‌പെക്ടർമാരായ ദീപ ജോസഫ്, പൗർണമി, സുജോ, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ എൽദോസ് എന്നിവരും പരിശോധനയ്ക്ക് നേതൃത്വം നൽകി. സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ അടുത്ത ദിവസങ്ങളിൽ സംയുക്ത പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.