sarith

ഇടുക്കി: കാൻസർ രോഗിയായ നിർദ്ധന യുവതി സുമനസുകളുടെ സഹായം തേടുന്നു. ഇടുക്കി നായരുപാറ ചിലമ്പൻകുന്നേൽ സിനോജിന്റെ ഭാര്യ സരിതയാണ് (37) തുടർ ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്നത്. മൂന്ന് വർഷം മുമ്പാണ് സരിതയ്ക്ക് സ്തനാർബുദം സ്ഥിരീകരിക്കുന്നത്. മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് എറണാകുളം ലൂർദ്ദ് ആശുപത്രിയിൽ നടത്തിയ വിശദമായ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. രോഗം കണ്ടെത്തുന്നത് നാലാമത്തെ സ്റ്റേജിലായതിനാൽ ശസ്ത്രക്രിയ ചെയ്യാനാകാത്ത സ്ഥിതിയായിരുന്നു. കാൻസർ ശരീരത്തിലാകെ പടർന്ന് പിടിച്ചതിനാൽ കീമോതെറാപ്പി മാത്രമായിരുന്നു ഏക പോംവഴി. അന്ന് മുതൽ ഓരോ 21 ദിവസം കൂടുമ്പോഴും കീമോ ചെയ്യുന്നുണ്ട്. ഓരോ തവണയും ഇടുക്കിയിൽ നിന്ന് എറണാകുളത്ത് ആശുപത്രിവരെയും തിരികെയും ബസിലാണ് പോയി വരുന്നത്. ആദ്യകാലത്ത് ഒരു കീമോ ചെയ്യാൻ 37,000 രൂപ ചെലവ് വരുമായിരുന്നു. ഇപ്പോഴത് 20,000 ആണ്. ഇതിനകം ചികിത്സയ്ക്കായി 10 ലക്ഷം രൂപയിലധികം ചെലവായി. പെയിന്റിംഗ് തൊഴിലാളിയായ ഭർത്താവ് സിനോജിന്റെ തുച്ഛമായ വരുമാനം മാത്രമാണ് രണ്ട് കുട്ടികളടങ്ങുന്ന നാലംഗ കുടുംബത്തിന്റെ ആശ്രയം. ചികിത്സയ്ക്ക് മാത്രമായി പലരിൽ നിന്നായി വാങ്ങിയ ലക്ഷങ്ങളുടെ കടബാദ്ധ്യതയുണ്ട്. സുഹൃത്തുക്കളും മറ്രും അല്ലാതെയും സഹായിച്ചതുകൊണ്ടാണ് ഇതുവരെ മുന്നോട്ടുപോയത്. എന്നാൽ ഇനി മുന്നോട്ടുപോകാൻ സുമനസുകളുടെ സാമ്പത്തിക സഹായം കൂടിയേ തീരൂ. പട്ടികജാതി വകുപ്പിൽ നിന്ന് ലഭിച്ച അഞ്ച് സെന്റ് സ്ഥലവും വീടും മാത്രമാണ് ഇവർക്കുള്ളത്. ഏഴും പതിനൊന്നും വയസുള്ള രണ്ട് ആൺകുട്ടികളുടെ പഠനത്തിനുള്ള തുകയും ഇതിനിടയിൽ കണ്ടെത്തണം. ചികിത്സാസഹായം സ്വീകരിക്കുന്നതിനായി എസ്.ബി.ഐയുടെ ഇടുക്കി ശാഖയിൽ അക്കൗണ്ട് ആംഭിച്ചിട്ടുണ്ട്.

പേര്- സരിത വി.കെ

എസ്.ബി.ഐ അക്കൗണ്ട് നമ്പർ- 67094199881

ഐ.എഫ്.എസ്.സി കോഡ്- SBIN0070027

ഫോൺ: 6282064107, 7025666247