കട്ടപ്പന: നിർമലാസിറ്റി ടോപ്പിൽ വനം വകുപ്പ് പ്രവേശനം നിരോധിച്ച് സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡ് സി.പി.എം പ്രവർത്തകർ പിഴുതുമാറ്റി. ടൂറിസം സാദ്ധ്യതയുള്ള പ്രദേശത്ത് പ്രവേശനം നിരോധിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ചൊവ്വാഴ്ച്ച രാവിലെയാണ് കട്ടപ്പനയ്ക്ക് സമീപം നിർമലാസിറ്റി ടോപ്പിൽ പ്രവേശനം നിരോധിച്ച് വനം വകുപ്പ് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചത്. അനുമതിയില്ലാതെയുള്ള റിസർവ്വ് വനഭൂമിയിലെ പ്രവേശനം ശിക്ഷാർഹമെന്നായിരുന്നു ബോർഡിൽ രേഖപെടുത്തിയിരുന്നത്. മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചതിനെതിരെ നാട്ടുകാരും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സി.പി.എം നേതാക്കളെത്തി വനം വകുപ്പ് ജണ്ടയ്ക്ക് സമീപം സ്ഥാപിച്ചിരുന്ന ബോർഡ് പിഴുതുമാറ്റിയത്. അഞ്ചുരുളി ആദിവാസി സെറ്റിൽമെന്റിലേയ്ക്കുള്ള നടപ്പുവഴി അടക്കം കടന്നുപോകുന്ന സ്ഥലത്ത് പ്രവേശനം നിരോധിക്കുന്നത് അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് സി.പി.എം ഏരിയാ കമ്മറ്റി അംഗം മാത്യു ജോർജ് പറഞ്ഞു.വന സംരക്ഷണത്തിന് എതിരല്ല.എന്നാൽ പൊതുജനങ്ങളുടെ സഞ്ചാരം തടസ്സപ്പെടുത്തുന്ന തരത്തിലുള്ള ഉദ്യോഗസ്ഥരുടെ തോന്നിവാസങ്ങൾക്ക് കൂട്ടുനിൽക്കാൻ കഴിയില്ലെന്നും നേതാക്കൾ വിമർശിച്ചു. ഇടുക്കിയിലെ വനാതിർത്തികളോട് ചേർന്നാണ് ജനവാസ മേഖലകൾ സ്ഥിതി ചെയ്യുന്നത്. ഇവിടെയെല്ലാം ബോർഡുകൾ സ്ഥാപിച്ച് സഞ്ചാരം നിഷേധിച്ചാൽ ജനങ്ങൾക്ക്പ്രതികരിക്കേണ്ടിവരും.പൊതുജനങ്ങളും ജനപ്രതിനിധികളും അംഗങ്ങളായുള്ള വനം സംരക്ഷണ സമിതിയുടെ അഭിപ്രായം കേൾക്കാതെ ഇത്തരത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് ഉചിതമല്ലെന്നും സി പി ഐ എം നേതാക്കൾ പറഞ്ഞു.ബോർഡ് പിഴുതുമാറ്റിയവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പ് പൊലീസിൽ പരാതി നൽകി.
• പേഴുംകണ്ടത്തും നിയന്ത്രണം
അഞ്ചുരുളി ജലാശയത്തിന്റ മറ്റൊരു ഭാഗമായ പേഴുംകണ്ടത്തും അനുമതിയില്ലാതെയുള്ള പ്രവേശനം നിരോധിച്ച് വനം വകുപ്പ് ബോർഡ് സ്ഥാപിച്ചു. മുനമ്പിലേയ്ക്ക് പ്രവേശിക്കുന്ന തേക്കിൻ കൂപ്പിന് സമീപം ചൊവ്വാഴ്ച്ചയാണ് ഉദ്യോഗസ്ഥരെത്തി ബോർഡ് സ്ഥാപിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.പ്രാചീന ശിലായുഗ അവശേഷിപ്പുകൾ കണ്ടെത്തിയ മുനമ്പിൽ ദിവസേന നിരവധി സഞ്ചാരികൾ എത്തിക്കൊണ്ടിരിക്കെയാണ് വനം വകുപ്പിന്റെ നടപടി.
• വനം വകുപ്പിന്റെ കുടിയൊഴിപ്പിക്കൽ നീക്കം ഉപേക്ഷിക്കണം;യൂത്ത് കോൺഗ്രസ്
കട്ടപ്പന: ജനവാസ മേഖലയിൽ നിന്നും ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള വനംവകുപ്പിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. 33, 34, 31 വാർഡുകളിലെ സി.എച്ച്.ആറിൽ ഉൾപ്പെടുന്ന പ്രദേശം റിസർവ് വനം അല്ല. പ്രദേശങ്ങൾ റിസർവ് വനമെന്ന് പറഞ്ഞ് വനംവകുപ്പ് ബോർഡുകൾ സ്ഥാപിച്ച് ജനവാസ മേഖലയിൽ നിന്നും ആളുകളെ കുടിയൊഴിപ്പിക്കാനുള്ള നീക്കം പ്രതിഷേധാർഹമാണ്. വനം വകുപ്പിന്റെ നടപടിയിൽ യൂത്ത് കോൺഗ്രസ് ജനാധിപത്യ പരമായി പ്രതിഷേധിക്കുമെന്നും ഇതിന്റെ ഭാഗമായി 14ന് രാവിലെ 11ന് കട്ടപ്പന വനം വകുപ്പ് ഓഫീസിനു മുന്നിലേക്ക് മാർച്ചും ധർണയും നടത്തുമെന്നും നഗരസഭാ കൗൺസിലർ പ്രശാന്ത് രാജു, മണ്ഡലം പ്രസിഡന്റ് കെ.എസ്. സജീവ് എന്നിവർ പറഞ്ഞു