ഹർത്താൽ
 എൽ.‌ഡി.എഫ്- 10ന്​

 യു.ഡി.എഫ്- 16ന്


തൊടുപുഴ/ കട്ടപ്പന: സംരക്ഷിത വന മേഖലകൾക്ക് ഒരു കിലോമീറ്റർ ചുറ്റളവ് ബഫർ സോണാക്കണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സമരമുഖം തുറന്ന് ഇടത് വലത് മുന്നണികൾ. സുപ്രീംകോടതി വിധിയിൽ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് നാളെ ഇടുക്കിയിൽ ഹർത്താൽ നടത്തുന്നതെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.കെ. ശിവരാമൻ പറഞ്ഞു. സുപ്രീംകോടതി വിധി അസ്ഥിരപ്പെടുത്തുന്ന കാര്യത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ പുലർത്തുന്ന നിസംഗതയിൽ പ്രതിഷേധിച്ചും ഭൂമിപതിവ് ചട്ടങ്ങൾ കാലാനുസൃതമായി ഭേതഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടുമാണ് 16ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ജില്ലയിൽ ഹർത്താൽ ആചരിക്കുന്നതെന്ന് ജില്ലാ ചെയർമാൻ അഡ്വ. എസ്. അശോകനും കൺവീനർ പ്രൊഫ. എം.ജെ. ജേക്കബ്ബും പറഞ്ഞു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ നടക്കുന്ന ഹർത്താലിൽ നിന്ന് പാൽ, പത്രം, ആശുപത്രി, വിവാഹം എന്നീ അവശ്യ സർവ്വീസുകളെ ഇരുമുന്നണികളും ഒഴിവാക്കിയിട്ടുണ്ട്. ഹർത്താലിനോടനുബന്ധിച്ച് എൽ.ഡി.എഫ് ഇന്ന് വൈകിട്ട് ജില്ലയിലെ നൂറ്കണക്കിന് കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തും. ജനതാൽപര്യം പരിഗണിച്ച് സുപ്രീംകോടതി വിധി മാറ്റിക്കിട്ടുന്നതിന് ബഫർസോൺ പൂജ്യമാക്കിമാറ്റി സ്വതന്ത്രമായ ജീവിതം ഉറപ്പുവരുത്താൻ സമയബന്ധിതമായി കേന്ദ്രസർക്കാർ പ്രവർത്തിക്കണമെന്നും സി.വി. വർഗീസ്, ഷാജി കാഞ്ഞമല, ജോണി ചെരിവുപറമ്പിൽ, സിബി മൂലേപറമ്പിൽ, വി.ആർ. സജി, വി.എസ്. അഭിലാഷ് എന്നിവർ ആവശ്യപ്പെട്ടു. പരിസ്ഥിതിലോലവിഷയത്തിൽ ജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക്‌ യാതൊരു പ്രതിബദ്ധതയുമില്ലെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. പരിസ്ഥിതിലോല വിഷയത്തിൽ കേരളസർക്കാരിന് ഇരട്ടത്താപ്പ് നയമാണ്. സംരക്ഷിത വന മേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോണായി പ്രഖ്യാപിക്കാൻ രണ്ടാം പിണറായി സർക്കാർ മന്ത്രിസഭാ തീരുമാനം കൈക്കൊണ്ടത് ജനവഞ്ചനയാണ്. മന്ത്രിസഭാ തീരുമാനം നിലനിൽക്കെ പരിസ്ഥിതിലോല വിഷയത്തിൽ ജനങ്ങൾക്ക് ആശങ്ക വേണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളെ കബിളിപ്പിക്കാനാണ്. ഭൂമി പതിവ് ചട്ടങ്ങൾ കാലാനുസൃതമായി ഭേദഗതിചെയ്യണമെന്ന 2019 ഡിസംബർ 17ലെ തീയതിയിലെ സർവ്വകക്ഷി തീരുമാനം സംസ്ഥാന സർക്കാർ ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇപ്പോൾ ഇടതുമുന്നണി പ്രഖ്യാപിച്ചിട്ടുള്ള ഹർത്താൽ വീണ്ടും ജനങ്ങളെ കബിളിപ്പിച്ച്‌ രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണെന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു.

കൈയേറ്റക്കാർ വനം വകുപ്പ്: സി.വി. വർഗീസ്

ജില്ലയിലെ ഏറ്റവും വലിയ കയ്യേറ്റക്കാർ വനം വകുപ്പാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.വി വർഗീസ് പറഞ്ഞു. സമാന്തര സർക്കാരെന്ന നിലയ്ക്കുള്ള ഉദ്യോഗസ്ഥരുടെ നടപടികൾ അംഗീകരിക്കില്ല. ടൂറിസം മേഖലകളടക്കം കൈയടക്കാനാണ് അവരുടെ ശ്രമം. ദ്രോഹിക്കാനാണ് ശ്രമമെങ്കിൽ ജനകീയ പ്രക്ഷോഭം നടത്തും. ബഫർ സോൺ ഉത്തരവിനെതിരെ ആര് സമരം ചെയ്താലും പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രഖ്യാപനത്തെ ചൊല്ലിയും തർക്കം

യു.ഡി.എഫ് 16ന് പ്രഖ്യാപ്പിച്ച ഹർത്താലിന് തടയിടുന്നതിനാണ് ഇടതുമുന്നണി നിയമാനുസരണം നോട്ടീസ് പോലും നൽകാതെ 10ന് ഹർത്താൽ പ്രഖ്യാപിച്ചതെന്ന ആരോപണവുമായി യു.ഡി.എഫ് രംഗത്തെത്തി. ഹർത്താൽ പ്രഖ്യാപിക്കണമെങ്കിൽ ഏഴ് ദിവസം മുമ്പ് ജില്ലാ കളക്ടർക്ക് അപേക്ഷ കൊടുക്കണമെന്നാണ് നിയമം. നിയമാനുസരണമായ നോട്ടീസ് നൽകാതെ ഹർത്താൽ പ്രഖ്യാപിച്ച ഇടതുമുന്നണി നേതാക്കൾക്കെതിരെ കേസെടുക്കണമെന്നും മുൻ ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറടക്കമുള്ള യു.ഡി.എഫ് നേതാക്കൾ ആവശ്യപ്പെട്ടു. അതേസമയം ജനകീയ വിഷയങ്ങളിൽ ഹർത്താൽ നടത്തുന്നതിന് ഏഴ് ദിവസം മുമ്പ് അപേക്ഷ നൽകേണ്ട കാര്യമില്ലെന്നും എൽ.ഡി.എഫ് ഹർത്താൽ നിയപരമാണെന്നും സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് അറിയിച്ചു.