tree1

മുട്ടം: മുട്ടം പഞ്ചായത്ത്‌ പ്രദേശത്തെ വിവിധ സ്ഥലങ്ങളിലുള്ള മരങ്ങളുടെ അപകടാവസ്ഥയ്ക്ക്‌ നേരെ അധികൃതർ മുഖം തിരിക്കുന്നതായി ആക്ഷേപം.തോട്ടുങ്കര, പെരുമറ്റം കനാലിന് സമീപം,മൂന്നാംമൈൽ,എഞ്ചിനിയറിങ്ങ് കോളേജിന് സമീപം എന്നിങ്ങനെ റോഡിന്റെ വശങ്ങളിൽ നിരവധി വലിയ മരങ്ങളാണ് അപകടാവസ്ഥയിലുള്ളത്.അപകടാവസ്ഥ പരിഹരിക്കണം എന്നുള്ള അപേക്ഷകളുമായി പ്രദേശവാസികൾ വർഷങ്ങളായി വിവിധ ഓഫീസുകളിൽ കയറി ഇറങ്ങുന്നുണ്ടെങ്കിലും നടപടികൾ ആകുന്നില്ല. തോട്ടുങ്കര പരപ്പാൻ തോടിന് സമീപത്തുള്ള വലിയ മരത്തിന്റെ ശിഖരങ്ങൾ ഇടക്ക് ഒടിഞ്ഞ് വീഴുന്നത് പതിവാണ്.ചെറിയ കാറ്റടിച്ചാൽ പോലും വൻ മരം കടപുഴകി മറിയാനും സാദ്ധ്യത ഏറെയാണ്.കടപുഴകിയാൽ തോടിനോട് ചേർന്നുള്ള റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വലിയ അപകട സാധ്യതയും ഏറെയാണ്.പരപ്പാൻ തോടിന് കുറുകെയുള്ള പാലത്തിൽ നിന്ന് നൂറ് മീറ്റർ താഴെയാണ് മരം നിൽക്കുന്നത് എന്നതിനാൽ പൊതുമരാമത്ത് പാലം വിഭാഗത്തിനാണ് മരത്തിന്റെ ഉടമസ്ഥതാവകാശം.ഈ സാഹചര്യത്തിൽ മരത്തിന്റെ അപകടാവസ്ഥ പരിഹരിക്കാനുള്ള ഉത്തരവാദിത്വം പൊതു മരാമത്ത് പാലം വിഭാഗത്തിനാണ്. മരത്തിന്റെ അപകടാവസ്ഥ സംബന്ധിച്ച് രണ്ട് വർഷം മുൻപ് മാദ്ധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഇതേ തുടർന്ന് പൊതുമരാമത്ത് പാലം വിഭാഗം അധികൃതർ മരത്തിന്റെ ശിഖരം മുറിക്കാൻ എത്തിയിരുന്നു. എന്നാൽ തോട്ടിലെ വെള്ളത്തിലേക്ക് ചാഞ്ഞ് നിൽക്കുന്ന ഭാഗം മാത്രം വെട്ടി മാറ്റിയിട്ട് പിറ്റേന്ന് വരാം എന്ന് പറഞ്ഞ് പോയതല്ലാതെ പിന്നീട് ഈ ഭാഗത്തേക്ക്‌ അവർ തിരിഞ്ഞ് നോക്കിയിട്ടില്ല എന്ന് പ്രദേശവാസികൾ പറയുന്നു. തോട്ടുങ്കര പാലത്തിന്റെ അപകടാവസ്ഥ സംബന്ധിച്ച് ജില്ലാ കളക്ടർ, കളക്ടർ ചെയർ പേഴ്സനായ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി,തൊടുപുഴ തഹസീൽ ദാർ,മറ്റ് അധികൃതർ എന്നിവർക്ക് ജനങ്ങൾ സംഘടിച്ച് നിരവധി പരാതികൾ നൽകിയെങ്കിലും തുടർനടപടികൾ ഒന്നും ആയില്ല.