നെടുങ്കണ്ടം : ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള നിർമ്മാണം നടന്ന് വരുന്ന സിന്തറ്റിക് ട്രാക്ക് സ്‌റ്റേഡിയത്തിൽ ഫ്‌ളെഡ് ലൈറ്റുകൾ സ്ഥാപിച്ചു. രാത്രികാലങ്ങളിൽ നടക്കുന്ന കായിക മത്സരങ്ങൾക്ക് വെളിച്ചക്കുറവ് മൂലമുള്ള പ്രശ്നം ഇതോടെ ഒഴിവായി .ഇതിനായി 12 മീറ്റർ ഉയരത്തിൽ മൈതാനത്തിന്റെ എട്ട് സ്ഥലങ്ങളിലായാണ് ക്രേംടെണ്ണിന്റെ എൽഇഡി ഫ്‌ളെഡ് ലൈറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ദൂരത്തിന് അനുസരിച്ച് മൈതാനത്ത് പ്രകാശം ലഭിക്കുന്ന രീതിയിലാണ് ഫ്‌ളെഡ് ലൈറ്റുകൾ സജ്ജികരിച്ചിരിക്കുന്നത്. മൈതാനത്തെ മുഴുവൻ ലൈറ്റുകളും മോട്ടോറുകളും അനുബന്ധ സാധനങ്ങളും പ്രവർത്തിപ്പിക്കുന്നതിനായി 30 കിലോ വാട്‌സ് വൈദ്യുതിയാണ് ആവശ്യം വരിക. എന്നാൽ ഇപ്പോൾ ഇവിടേയ്ക്ക് വൈദ്യുതി ലഭ്യമാകുന്ന ട്രാൻസ്‌ഫോർമർ പവർ കുറവായതിനാൽ പവർകൂടിയ ട്രാൻസ്‌ഫോർമർ മാറ്റി സ്ഥാപിക്കുകയോ, സ്‌റ്റേഡിയത്തിനായി പ്രത്യേക ട്രാൻസ്‌ഫോർമർ സ്ഥാപിക്കുകയോ ചെയ്താൽ മാത്രമേ പ്രവർത്തനങ്ങൾ സുഖമായി നടക്കുകയുള്ളൂ.