നെടുംകണ്ടം : പ്രതിരോധ കുത്തി വെയ്പ്പുകൾക്കും മറ്റും വേണ്ട മരുന്നുകളും, ഇൻസുലിൻ പോലെ ഉള്ള ജീവൻ രക്ഷാ ഔഷധങ്ങളും സൂക്ഷിക്കുമ്പോൾ വൈദ്യുതി ഉപയോഗത്തിന് അമിത ചാർജ് ഈടാക്കുന്നതായി ഓൾ കേരള കെമിസ്റ്റ് ആന്റ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷൻ. മരുന്നുകൾ സൂക്ഷിക്കാൻ റഫ്രിജറേറ്റർ ഉണ്ടെന്ന ഒറ്റ കാരണത്താൽ കേരളത്തിലെ മെഡിക്കൽ ഷോപ്പുകൾക്ക് താരിഫ് കൂട്ടിയാണ് കെ.എസ്.ഇ.ബി പണംഈടാക്കുന്നത്. കൂടിയ താരിഫ് മൂലം മെഡിക്കൽ ഷോപ്പുകാർ യൂണിറ്റിന് ശരാശരി ഇരുപത് രൂപയോളം അടക്കേണ്ടി വരുന്നു. ജീവൻ രക്ഷാ ഔഷധങ്ങൾ, വാക്‌സിനുകൾ എന്നിവ സൂക്ഷിക്കുന്നതിലൂടെ മെഡിക്കൽ ഷോപ്പുകൾ ചെയ്യുന്ന സേവനം അധികൃതർ കണ്ടില്ലെന്നു നടിക്കുകയാണെന്ന് ഓൾ കേരള കെമിസ്റ്റ് ആന്റ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനം അഭിപ്രായപ്പെട്ടു. ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് എ.എൻ മോഹൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ ഒ.എം അബ്ദുൽ ജലീൽ മുഖ്യ പ്രഭാഷണം നടത്തി ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷാജി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി അനിൽ ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജിമ്മി സെബാസ്റ്റ്യൻ സ്വാഗതവും, കെ. വി ചാക്കോ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി മുഹമ്മദ് ഷാജി (പ്രസിഡന്റ് )ബേസിൽ, ജിമ്മി (വൈസ് പ്രസിഡന്റ് മാർ )അനിൽ ജോസ് (സെക്രട്ടറി ), റെന്നി പി വർഗീസ് (ജോയിന്റ് സെക്രട്ടറി )വിൻസെന്റ് ജോസഫ് ( ട്രഷറർ )എന്നിവരെ തെരഞ്ഞെടുത്തു.