മൂലമറ്റം : പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിച്ച ആരോഗ്യ വകുപ്പ് ജീവനക്കാരനിൽ നിന്നും അറക്കുളം പഞ്ചായത്ത് മൂവായിരം രൂപ പിഴ ഈടാക്കി.മനുഷ്യ വിസർജ്ജ്യമുൾപ്പടെയുള്ള മാലിന്യമാണ് പ്ലാസ്റ്റിക്ക് ചാക്കിനുള്ളിലാക്കി മൂലമറ്റം ജ്യോതി ഭവനും ബിഷപ്പ് വയലിൽ ആശുപത്രിയ്ക്കുമിടയിൽ റോഡരികിൽ തള്ളിയത്.മാലിന്യം തള്ളിയയാളെ കണ്ടെത്താൻ ചാക്കുകളഴിച്ച് പരിശോധിക്കേണ്ടി വന്നു.പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
കിടപ്പുരോഗികളുപയോഗിക്കുന്ന പാമ്പേഴ്‌സും മറ്റും വീട്ടിലെ മാലിന്യത്തിനൊപ്പം കൂട്ടിക്കുഴച്ച് കൊണ്ടുവന്ന് തള്ളുകയായിരുന്നു.പരിശോധനയിൽ ലഭിച്ച ചില സൂചനയിൽ നിന്നാണ് മാലിന്യ നിക്ഷേപകനെ കണ്ടെത്തിയത്. തൊടുപുഴയ്ക്ക് സമീപം ഇടവെട്ടിയിൽതാമസിക്കുന്ന ജീവനക്കാരനാണ് മൂലമറ്റത്ത് മാലിന്യം തള്ളിയത്.മാലിന്യം ഇയാൾ അവിടെ നിന്നും നീക്കം ചെയ്തു.