കട്ടപ്പന : വലിയ വിവാദങ്ങൾക്ക് കാരണമായ പഴയ ബസ് സ്റ്റാൻഡ് പേ ആൻഡ് പാർക്കാക്കി മാറ്റാൻ ഹൈക്കോടതി അനുമതി വാങ്ങി നഗരസഭ.ഈ വിഷയം കൗൺസിൽ യോഗത്തിൽ അവതരിപ്പിതോടെ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ബഹളമായി.

നഗരസഭയുടെ കീഴിലുള്ള സ്ഥലം വെറുതെയിട്ടാൽ ഓഡിറ്റിംഗ് സമയത്ത് വിശദീകരണം നൽകണമെന്ന് ചൂണ്ടിക്കാട്ടി പഴയബസ് സ്റ്റാൻഡ് പ്രസാദ് പുത്തൻപുരയ്ക്കൽ എന്ന വ്യക്തിയ്ക്ക് പാർക്കിങിനായി ലേലത്തിൽ നൽകിയിരുന്നു.

എന്നാൽ ബസ് സ്റ്റാൻഡിലെ ചില വ്യാപരികൾ എതിർപ്പുമായി രംഗത്തെത്തിയതോടെ പ്രശ്‌നങ്ങൾക്ക് തുടക്കമായി.വ്യാപാരികളുടെ ആശങ്ക പരിഹരിച്ച് പാർക്കിങ് നടപ്പാക്കുമെന്ന് പറഞ്ഞ നഗരസഭാ അധികൃതർ പഴയ ബസ് സ്റ്റാൻഡിൽ പാർക്കിങിനുള്ള സ്ഥലം ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് കെട്ടിത്തിരിച്ചു.തുടർന്ന് സി.പി.ഐ എം. പ്രവർത്തകരും വ്യാപാരികളും ചേർന്ന് ഇരുമ്പ് ദണ്ഡുകൾ പിഴുതുമാറ്റി.ഇതേ തുടർന്നാണ് നഗരസഭ നിയമ നടപടികളുമായി മുന്നോട്ടു പോകുകയും സ്റ്റാൻഡിംഗ് കൗൺസിൽ വഴി ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെടുത്തത്. നഗരസഭയുടെ അധീനതയിലുള്ള സ്ഥലം അളന്ന് തിരിച്ച് കരാറുകാരന് നൽകണമെന്നാണ് ഉത്തരവ്.വിധി നടപ്പാക്കാൻ ആവശ്യമെങ്കിൽ പൊലീസ് സഹായം ആവശ്യപ്പെടാമെന്നും വിധിയിലുണ്ട്.പഴയ സ്റ്റാൻഡ് ലേലം ചെയ്താൽ വ്യാപാരികൾക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും വ്യാപാരത്തെ ബാധിയ്ക്കുമെന്നും പ്രതിപക്ഷ അംഗങ്ങൾ വാദിച്ചു.എന്നാൽ വ്യാപാരി നേതാക്കളെ വിളിച്ചു വരുത്തി ചർച്ച നടത്തിയതാണെന്നും പഴയ സ്റ്റാൻഡിനുള്ളിലെ ചില വ്യാപാരികൾ മാത്രമാണ് പ്രശ്‌നം രൂക്ഷമാക്കുന്നതെന്നും ഭരണ പക്ഷവും ആരോപിച്ചു.തുടർന്ന് ഇരു വിഭാഗവും തമ്മിൽ ബഹളം രൂക്ഷമായി.ഒടുവിൽ കരാറുകാരൻ ആവശ്യപ്പെട്ടത് പോലെ പണം തിരികെ നൽകേണ്ടതില്ലെന്നും ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനും കൗൺസിൽ തീരുമാനമെടുത്തു. കൊവിഡ് കാലഘട്ടത്തിൽ അടഞ്ഞ് കിടന്ന സ്ഥാപനങ്ങൾക്ക് ഇളവ് നൽകണം എന്നാവശ്യപ്പെട്ട് നഗരസഭയുടെ കീഴിലുള്ള കംഫർട്ട് സ്റ്റേഷൻ, പാർക്കിങ് ഏരിയ, സ്‌ളോട്ടർ ഹൗസ്, ഫിഷ് സ്റ്റാൾ, ഡിജിറ്റൽ അഡ്വർടൈസ്‌മെന്റ് തുടങ്ങിയ സ്ഥാപനങ്ങൾ അപേക്ഷ നൽകിയിരുന്നു. അപേക്ഷയിൽ തീർപ്പു കൽപ്പിക്കാൻ സ്റ്റീയറിങ് കമ്മിറ്റിയെ കൗൺസിൽ ചുമതലപ്പെടുത്തി.

വനം വകുപ്പിന്റെ നടപടി; കൗൺസിലിൽ പ്രമേയം


ജനവാസ മേഖലയിൽ നിന്നും ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള വനം വകുപ്പിന്റെ ശ്രമം ചെറുക്കണമെന്ന ആവശ്യമുന്നയിച്ച് നഗരഭാംഗം പ്രശാന്ത് രാജു പ്രമേയം അവതരിപ്പിച്ചു. നഗരസഭാ പരിധിയിൽ വരുന്ന മുളകരമേട് ടോപ്പ് വനം വകുപ്പിന്റെ കരിനിയമം മൂലം ഇല്ലാതാകുന്ന അവസ്ഥയിലാണെന്നും കൗൺസിൽ ഇടപെട്ട് പ്രശ്‌നം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. പ്രമേയം രാഷ്ട്രീയ ഭേദമില്ലാതെ എല്ലാ കൗൺസിൽ അംഗങ്ങളും അംഗീകരിച്ചു.