തൊടുപുഴ : ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ലോല മേഖലയാക്കണമെന്ന സുപ്രീംകോടതി ഉത്തരവ് ചർച്ച ചെയ്യാൻ സർവ്വകക്ഷിയോഗം വിളിക്കണമെന്ന് ശ്രീനാരായണ ധർമ്മവേദി ആവശ്യപ്പെട്ടു. വിഷയം അടിയന്തിരമായി ചർച്ച ചെയ്യണം. ചർച്ചയിൽ തയ്യാറാക്കുന്ന രൂപരേഖനിയമസഭയുടെ പ്രത്യേകയോഗം വിളിച്ചു പാസ്സാക്കി കേന്ദ്ര ഗവൺമെന്റിനും സുപ്രീം കോടതിക്കും സമർപ്പിക്കണം. ഇതു സംബന്ധിച്ച് വിശദമായ പഠനം നടത്താൻ ധർമ്മവേദി സംസ്ഥാന വർക്കിംഗ്
ചെയർമാൻ പ്രൊഫ. ജി. മോഹൻദാസിന്റെ നേതൃത്വത്തിൽ ഒരു ടീമിനെ
നിയോഗിച്ചു. ചെയർമാൻ ഗോകുലം ഗോപാലൻ,ജനറൽ സെക്രട്ടറി ഡോ. ബിജു രമേശ്, വർക്കിംഗ് ചെയർമാൻ
കെ. കെ. പുഷ്പാംഗദൻ എന്നിവരടങ്ങുന്ന ഒരു ടീം പ്രധാനമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകും.
ഇതു സംബന്ധിച്ച് കൂടിയ യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ബിജു രമേശ്, വർക്കിംഗ് ചെയർമാൻ കെ.കെ. പുഷ്പാംഗദൻ, പ്രൊഫ.ജി. മോഹൻദാസ്, നേതാക്കളായ പി.ആർ. പ്രഭാകരൻ, കെ. എം. ഗംഗാധരൻ,
പി.എൻ. പീതാംബരൻ എന്നിവർ പങ്കെടുത്തു.