നെടുങ്കണ്ടം :കമ്പംമെട്ട് കടുക്കാകുളത്ത് അപകടാവസ്ഥയിൽ സ്ഥിതിചെയ്യുന്ന ട്രാൻസ്‌ഫോർമറിന് സംരക്ഷണവേലി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.ട്രാൻസ്‌ഫോർമറിന് ചുറ്റും സുരക്ഷിത വേലി തീർക്കുന്നതിനൊപ്പം ട്രാൻസ്‌ഫോർമറിന്റെ ചെരിവ് പരിഹരിക്കുന്നതിനുള്ള നടപടിയെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. .കടുക്കകുളം എന്ന് അറിയപ്പെടുന്ന ഈ കുളത്തിനു സമീപം കുട്ടികളടക്കം നിരവധി പേരാണ് മീൻ പിടിക്കാനും നീന്താനുമൊക്കെയായി എത്തുന്നത്. 50 മീറ്റർ മാത്രം ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ട്രാൻസ്‌ഫോമർ അപകടാവസ്ഥയിലാണന്നാണ് നാട്ടുകാർ പറയുന്നത്.മഴക്കാലമായാൽ വളർത്തുമൃഗങ്ങൾക്കടക്കം അപകടം ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു. സ്ഥലത്ത് പരിശോധന നടത്തി വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു.