അടിമാലി: വിവാഹ വാഗ്ദാനം നൽകിയ കാമുകൻ കാലുമാറിയതോടെ കൊക്കയിൽ ചാടി ജീവനൊടുക്കാൻ മലമുകളിൽ കയറിയ യുവതിയെ അനുനയിപ്പിച്ച് പൊലീസ്. നീണ്ട പ്രയത്‌നത്തിനൈാടുവിൽ യുവതി പൊലീസിന്റെ അഭ്യർത്ഥന ചെവിക്കൊണ്ടു. അടിമാലിക്കടുത്ത് കുതിരയള ആദിവാസി കുടിയിലാണ് സംഭവം. മലമുകളിൽ നിന്നും ചാടി ആത്മഹത്യചെയ്യുമെന്ന് ഭീഷണിയുമായി നിലയുറപ്പിച്ചിരുന്ന 27 വയസുകാരി യുവതിയെ ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പൊലീസ് സുരക്ഷിതമായി താഴെ എത്തിച്ചത്. ബുധനാഴ്ച പുലർച്ചെ 12 മണിയോടെ വിടുവിട്ടിറങ്ങിയ പെൺകുട്ടിയെ ഒരു വിധത്തിലാണ് വീട്ടുകാർ ആദ്യം സമാധാനിപ്പിച്ച് തിരികെ എത്തിച്ചത്.
വീണ്ടും പെൺകുട്ടിയെ കാണാതാവുകയായിരുന്നു. പിന്നീട് വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ കുടിയിലെ പാറക്കെട്ടിൽ, അപകടമുനമ്പിൽ ഇരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. മാതാപിതാക്കളും ബന്ധുക്കളും അടുത്തേയ്‌ക്കെത്താനും സംസാരിക്കാനും തയ്യാറായെങ്കിലും പെൺകുട്ടി വഴങ്ങിയല്ല. അടുത്തേയ്ക്കു വന്നാൽ താഴേയ്ക്ക് ചാടുമെന്ന് ഭീഷണിയും മുഴക്കിയിരുന്നു. രാവിലെ 7.15 നാണ് പൊലീസ് എത്തുന്നത്.
തുടർന്ന് അടിമാലി എസ്‌ഐ: കെ.എം സന്തോഷ്, എ.എസ്.ഐ: അബ്ബാസ് ടി.എം എന്നിവർ ഉടൻ സ്ഥലത്തെത്തി. പെൺകുട്ടിയുമായി സംസാരിക്കാൻ എസ്.ഐ നടത്തിയ ശ്രമം ആദ്യമൊക്കെ വിഫലമായി. നന്നായി വഴുക്കലുള്ള പാറയിൽ ഏറെ ശ്രദ്ധയോടെ ഇറങ്ങി, പെൺകുട്ടയോട് പരമാവധി അടുത്തെത്തി തുടർന്നും എസ്.ഐ സന്തോഷ് അനുനയശ്രമം തുടർന്നു. ആദ്യമൊക്കെ ചെവി പൊത്തി, പ്രതഷേധം അറിയിച്ചിരുന്ന പെൺകുട്ടി ' എന്തുപ്രശ്‌നത്തിനും പരിഹാരം കണ്ടിട്ടെ ഞാൻ പോകു' എന്ന് സന്തോഷ് പലവട്ടം ആവർത്തിച്ചതോടെ സംസാരം കേൾക്കാൻ തയ്യാറായി. തുടർന്ന് തന്റെ അടുത്തുവന്ന് വിവരങ്ങൾ പറയാനുള്ള എസ്.ഐയുടെ നിർദ്ദേശം പെൺകുട്ടി അനുസരിക്കാൻ തയ്യാറായി. സ്‌നേഹിച്ചിരുന്ന യുവാവുമായി ഉണ്ടായ പിണക്കത്തിലാണ് താൻ ആത്മഹത്യക്ക് മുതിർന്നതെന്നും അയാളുടെ മുന്നിൽ ജീവിതം അവസാനിപ്പിക്കുന്നതിനാണ് കാത്തിരുന്നതെന്നും പെൺകുട്ടി എസ്.ഐ യെ ധരിപ്പിച്ചു. കുറച്ചുനേരം പാറപ്പുറത്തിരുന്ന് ഇരുവരും സംസാരിച്ചു. കാര്യങ്ങൾ മനസിലാക്കിയ എസ്.ഐ, എല്ലാപ്രശ്‌നവും പരിഹരിക്കാമെന്ന് പെൺകുട്ടിക്ക് ഉറപ്പുനൽകി. തുടർന്നാണ് എട്ടരയോടെ പാറക്കെട്ടിൽ നിന്നും പെൺകുട്ടി മടങ്ങാൻ തയ്യാറായത്.പെൺകുട്ടിയെ മാതാപിതാക്കളെ ഏൽപ്പിച്ച് പോലീസ് സംഘം മടങ്ങി. തുടർന്നു മാതാപിതാക്കളോടൊപ്പം സ്റ്റേഷനിലെത്തിച്ച പെൺകുട്ടിക്ക് കൗൺസലിങ് നൽകി.
പെൺകുട്ടി കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്ന സാഹചര്യത്തിലായിരുന്നു കൗൺസലിങ്. കുടി നിവാസിയായ യുവാവ് നാളുകളായി വിവാഹ വാഗ്ദാനം നൽകിയെങ്കിലും പിന്മാറി. തിങ്കളാഴ്ച രാത്രി യുവതിയെ മർദിച്ചതായും പെൺകുട്ടി പറഞ്ഞു. ഇപ്പോൾ മറ്റൊരു യുവതിയുമായി യുവാവ് പ്രണയത്തിലാവുകയും ചെയ്തതാണ് യുവതിയെ സമ്മർദ്ദത്തിലാക്കിയത്. മലമുകളിൽനിന്നും യുവതിയെ പൊലീസ് അനുനയിപ്പിച്ച് വീട്ടിലേക്ക് കൊണ്ടുപോകുന്നു