nuthoot
ഹർത്താൽ ദിനത്തിൽ തുറന്ന് പ്രവർത്തിച്ച മുത്തൂറ്റ് ബാങ്കിന്റെ കട്ടപ്പന ശാഖ സമരാനുകൂലികൾ അടപ്പിച്ചപ്പോൾ

തൊടുപുഴ: സംരക്ഷിത വനത്തിന് ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതി ലോല മേഖലയാക്കിയുള്ള സുപ്രീംകോടതി ഉത്തരവിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശപ്പെട്ട് എൽ.ഡി.എഫ് ജില്ലയിൽ നടത്തിയ ഹർത്താലിൽ നഗരങ്ങൾ വിജനമായിരുന്നെങ്കിൽ ഗ്രാമീണ മേഖലയിൽ ഹർത്താൽ ഭാഗികമായിരുന്നു.
തൊടുപുഴ ഡിപ്പോയിൽ നിന്ന് 36 സർവീസുകൾ നടത്തി. മൊത്തം 45 സർവീസുകളാണ് ഡിപ്പോയിൽ നിന്നു പുറപ്പെട്ടത്. സ്വകാര്യ ബസുകളൊന്നും ഓടിയില്ല. തൊടുപുഴ താലൂക്കോഫിസിൽ 90 ജീവനക്കാരിൽ 19 പേർ മാത്രമാണ് എത്തിയത്.
ഹർത്താലിനോടനുബന്ധിച്ച് തൊടുപുഴ നഗരത്തിൽ എൽ.ഡി.എഫ് പ്രവർത്തകർ പ്രകടനം നടത്തി. പൊതുയോഗം എൽ.ഡി.എഫ്. നിയോജക മണ്ഡലം കൺവീനർ വി.വി.മത്തായി ഉദ്ഘാടനം ചെയ്തു. കെ.എം. ബാബു അദ്ധ്യക്ഷത വഹിച്ചു. കെ.സലിം കുമാർ (സി.പി.ഐ), ജിമ്മി മറ്റത്തിപ്പാറ (കേരള കോൺഗ്രസ്എം), ശശികുമാരൻ (എൻ.സി പി), പോൾസൺ മാത്യു, (കേരള കോൺഗ്രസ്ബി), കെ.എം. ഗംഗാധരൻ (ആർ എസ്.പി ലെനിസ്റ്റ്) എന്നിവർ സംസാരിച്ചു.

ധനകാര്യ സ്ഥാപനങ്ങൾ അടപ്പിച്ചു

കട്ടപ്പന : . രാവിലെ 6 മണിക്ക് ആരംഭിച്ച ഹർത്താൽ പ്രധാന നഗരങ്ങളിൽ ഒന്നായ കട്ടപ്പനയെ നിശ്ചലമാക്കി.കെ എസ് ആർ ടി സി ബസുകളും ഏതാനും സ്വകാര്യ വാഹനങ്ങളും സർവ്വീസ് നടത്തിയതൊഴിച്ചാൽ കട കമ്പോളങ്ങൾ ഒന്നും തന്നെ തുറന്നില്ല. ജില്ലാ ഓഫീസുകളായ പി എസ് സിയും, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും പ്രവർത്തിച്ചെങ്കിലും ഹാജർ നില കുറവായിരുന്നു. 20 ജീവനക്കാരിൽ 9 പേർ മത്രമാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരായത്.അതേസമയം തുറന്ന് പ്രവർത്തിക്കാൻ ശ്രമിച്ച വിവിധ ധനകാര്യ സ്ഥാപനങ്ങൾ സമരാനുകൂലികൾ അടപ്പിക്കാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിന് ഇടയാക്കി.രാവിലെ മുതൽ തന്നെ സമരാനുകൂലികൾ നിരത്തുകളിൽ സജീവമായിരുന്നെങ്കിലും വാഹനങ്ങൾ തടഞ്ഞില്ല.പത്ത് മണിയോടെ എൽ ഡി എഫിന്റെ വിവിധ നേതാക്കൾ പങ്കെടുത്ത പ്രകടനവും നടത്തി.കട്ടപ്പന കെ എസ് ആർ ടി സി സബ് ഡിപ്പോയിൽ നിന്നും 28 സർവ്വീസുകൾ ഓപ്പറേറ്റ് ചെയ്തു. ഇവയിൽ അന്തർസംസ്ഥാന സർവ്വീസായ കമ്പം കട്ടപ്പന ഓർഡിനറി ബസ് ചെക്ക്പോസ്റ്റിൽ തമിഴ്നാട് പൊലീസ് തടഞ്ഞിട്ടത് ആശങ്കയ്ക്കിടയാക്കി.തുടർന്ന് കമ്പംമെട്ട് പൊലീസ് ഇടപെട്ടാണ് ബസിന് സർവ്വീസ് നടത്താൻ അനുവാദം നൽകിയത്. വണ്ടൻമേട്, ഇരട്ടയാർ, ഉപ്പുതറ തുടങ്ങിയ സ്ഥലങ്ങളിലും ഹർത്താൽ സമാധാനപരമായിട്ടാണ് നടന്നത്.

കെഎസ്ആർടിസി

സർവീസ് നടത്തി

നെടുങ്കണ്ടം : ഹർത്താൽ നെടുങ്കണ്ടം മേഖലയിൽ ഭാഗികമായിരുന്നു.രാവിലെ കെഎസ്ആർടിസി സർവീസ് നടത്തി. പല ചരക്ക് ,പച്ചക്കറി ചില സ്ഥലങ്ങളിൽ തുറന്ന് പ്രവർത്തിച്ചു. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി.ഹർത്താൽ അനുകൂലികൾ ഗതാഗതം തടസപ്പെടുത്താതിരുന്നത് വാഹനയാത്രക്കാർക്ക് ഏറെ ആശ്വാസമായി.പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകർ കുറവായിരുന്നു. ഇരട്ടയാർ, നെടുങ്കണ്ടം, ഉടുമ്പൻചോല പ്രദേശങ്ങളിൽ ജനജീവിതത്തെ ബാധിച്ചുവെങ്കിൽ ഉൾപ്രദേശങ്ങളിൽ കാര്യമായി ബാധിച്ചില്ല. സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല ദീർഘദൂര കെ എസ് ആർ ടി സി സർവീസ് നടത്തി.

ടൂറിസ്റ്റുകൾ വലഞ്ഞു

അടിമാലി :എൽ ഡി എഫ് ആഹ്വാനം ചെയ്ത ഹർത്താൽ അടിമാലിയിൽ പൂർണ്ണം ഹോട്ടൽ ഉൾപ്പടെമുഴുവൻ കടകമ്പോളങ്ങളും അടഞ്ഞുകിടന്നു . ഹർത്താൽ മുൻകൂട്ടി അറിയാത്ത വിനോദ സഞ്ചരികൾ ഭക്ഷണവും വെള്ളവും കിട്ടാതെ വലഞ്ഞു.

തോട്ടം മേഖലയെ ബാധിച്ചില്ല

പീരുമേട്:എൽ.ഡി.എഫ് നടത്തിയ ഹർത്താൽപീരുമേട് താലൂക്കിൽ പൂർണ്ണം. കടകമ്പോളങ്ങൾ തുറന്നു പ്രവർത്തിച്ചില്ല. പീരുമേട് താലൂക്ക് ആസ്ഥാനത്ത് സർക്കാർ ഓഫീസുകളും ബാങ്കുകളും പ്രവർത്തിച്ചില്ല. ടാക്‌സി വാഹനങ്ങൾ ഓടിയില്ല. കോട്ടയം ജില്ലയിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി. ബസുകൾ കുമളിക്ക് സർവീസ് നടത്തി. യാത്രക്കാരുടെ എണ്ണം കുറവായിരുന്നു. തോട്ടം മേഖലയെ ഹർത്താൽ ബാധിച്ചില്ല. എസ്റ്റേറ്റുകൾ എല്ലാം സാധരണ പോലെ പ്രവർത്തിച്ചു. പീരുമേട്ടിലെ ഏറ്റവും വലിയ തോട്ടമായ എ.വി.റ്റി. പ്ലാന്റേഷൻസും., പോബ്‌സ് എസ്റ്റേറ്റും സാധാരണ പോലെ പ്രവർത്തിച്ചു. തേക്കടിയിൽ എത്തിയ ടൂറിസ്റ്റുകൾ ബോട്ടിംങ്ങ് നടത്തി. ടൂറിസ്റ്റ് മേഖലയിൽ സന്ദർശകർ കുറവായിരുന്നു. കുമളിയിൽ കടകൾ അടഞ്ഞുകിടന്നു.