മൂലമറ്റം : മൂലമറ്റത്ത് പൊതുറോഡിൽ മാലിന്യം തള്ളിയ സംഭവത്തിൽ പിഴയിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വൈദ്യുതി ബോർഡ് ഡെപ്യൂട്ടി ചീഫ് എൻജിനിയർ പഞ്ചായത്തിന് കത്ത് നൽകി. പിഴയടക്കാൻ വൈദ്യുതി ബോർഡിന് നിയമമില്ലെന്ന് കത്തിൽ പറയുന്നു. മുമ്പൊരിക്കലും ഇത്തരത്തിൽ ഒരു സംഭവമുണ്ടായിട്ടില്ല. അതിനാൽ ഒരു പ്രാവശ്യത്തേയ്ക്ക് പിഴയൊടുക്കുന്നതിൽ നിന്നും ഇളവ് നൽകണമെന്നാണ് വൈദ്യുതി ബോർഡ് അഭ്യർഥിച്ചിരിക്കുന്നത്.
13ന് നടക്കുന്ന പഞ്ചായത്ത് കമ്മിറ്റി യോഗം ഈ വിഷയം ചർച്ച ചെയ്യും.
അതേസമയം ഹരിതനിയമങ്ങളനുസരിച്ച് പിഴ റദ്ദാക്കാൻ കഴിയില്ലെന്നത് പഞ്ചായത്തിനെ സമ്മർദ്ദത്തിലാക്കുന്നു.

കഴിഞ്ഞ 31ന് വൈദ്യുതി ബോർഡിലെ ഉദ്യോഗസ്ഥരുടെ യാത്രയയപ്പുമായി ബന്ധപ്പെട്ട് മിച്ചം വന്ന ഭക്ഷണാവശിഷ്ടങ്ങളും മറ്റുമാണ് പഞ്ചായത്ത് റോഡരികിൽ കൂട്ടിയിട്ട് കത്തിച്ചത്.ഇതിന് 10000രൂപ പിഴ നൽകണമെന്നും മാലിന്യം നീക്കി സുരക്ഷിതമായി സംസ്‌കരിക്കണമെന്നുമാണ് പഞ്ചായത്ത് ആവശ്യപ്പെട്ടത്. മാലിന്യം അവിടെ നിന്നും വൈദ്യുതി ബോർഡധികൃതർ പിന്നീട് നീക്കിയിരുന്നു.