അറക്കുളം : അറക്കുളം ഭാഗത്ത് രണ്ടിടത്ത് മാലിന്യ നിക്ഷേപം കണ്ടെത്തി. കോട്ടയം മുന്നിയിലും അറക്കുളം പുത്തൻപള്ളിക്കവലയിലുമാണ് മാലിന്യ നിക്ഷേപം കണ്ടെത്തിയത്. ചാക്കുകളിലായി കൊണ്ടുവന്ന് രണ്ടു മൂന്ന് ഭാഗത്തായി ഉപേക്ഷിച്ചിരിക്കുകയാണ് . പരാതിയെ തുടർന്ന് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. ചെരുപ്പും ബാഗും മറ്റ് പാഴ് വസ്തുക്കളുമാണ് ചാക്കിലുൾപ്പെട്ടത്. തെളിവൊന്നും ലഭിക്കാത്തതിനാൽ കാഞ്ഞാർ പൊലീസിന് കേസ് കൈമാറാൻ തീരുമാനിച്ചിരിക്കുകയാണ്.

പുത്തൻപള്ളി കവലയിൽ മാലിന്യ നിക്ഷേപിച്ചയാളെ കണ്ടെത്തി പിഴയീടാക്കുന്നതിന് പഞ്ചായത്ത് നോട്ടീസ് നൽകി. മാലിന്യക്കൂടിൽ നിന്നും ലഭിച്ച തെളിവുകളിൽ നിന്നാണ് മാലിന്യ നിക്ഷേപകനെ കണ്ടെത്തിയത്. തൊടുപുഴയിൽ കൺസൾട്ടൻസി സ്ഥാപനം നടത്തുന്ന കല്ലൂർക്കാട് സ്വദേശിയാണ് ഇവിടെ മാലിന്യം നിക്ഷേപിച്ചത്.