thottappura
തോട്ടപ്പുര

പീരുമേട്: രാജഭരണത്തിന്റെ തിരുശേഷിപ്പായി തോട്ടപ്പുര, അതിന് കവചമായി ഒരു ആൽമരവും. ഈ വേരുകളുടെ സംരക്ഷണയിലാണ് തോട്ടപ്പുര നിലകൊള്ളുന്നത്. വേരുകൾ ഭിത്തിക്ക് പ്രതിരോധം തീർത്ത് സംരക്ഷിച്ച് നിർത്തിയിരിക്കുന്നു. നൂറിൽഅധികം വർഷം പഴക്കമുള്ള തോട്ടപ്പുര തിരുവിതാംകൂർ രാജ്ഞി റാണി സേതു ലക്ഷമി ഭായിയുടെ കാലത്ത് നിർമ്മിച്ചതാണ്. കോട്ടയം -കുമളി റോഡിന്റെ നിർമ്മാണത്തിനായി പാറപൊട്ടിക്കാനായിട്ടുള്ള തോട്ടകളും വെടി മരുന്ന്, ആയുധങ്ങളും ഭദ്രമായി സൂക്ഷിക്കാൻ കണ്ടെത്തിയതാണ് ഈ ഒറ്റമുറി കെട്ടിടം. കാട്ടുകല്ലും ശർക്കരയും കുമ്മായവും ചേർന്ന മിശ്രിതമാണ് തോട്ടപ്പുര നിർമ്മിക്കാൻ ഉപയോഗിച്ചിട്ടുള്ളത്.കൊടും വനമായിരുന്ന ഇവിടം. പിൽക്കാലത്ത് പീരുമേട് താലൂക്ക് ആസ്ഥാനമായി. ഒട്ടേറെ സർക്കാർ സ്ഥാപനങ്ങൾഇതിന് ചുറ്റും നിർമ്മിച്ച് കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു. മേൽക്കൂര നശിച്ചു പോയി.നാലു വശത്തെയും ഭിത്തികൾ നിലവിലുണ്ട്. ഒരുവശത്തെ ഭിത്തിപൊട്ടി വിള്ളൽവീണിട്ടുണ്ട് .ബാക്കി രണ്ടു വശത്തെ ഭിത്തിയെ ആൽമരത്തിന്റെ വേരുകൾ താങ്ങി നിർത്തിയിരിക്കുന്നത്. രാജ ഭരണത്തിന്റെ ശേഷിപ്പായി നിലകൊള്ളുന്ന ഈ ചരിത്രസ്മാരകം നശിക്കാതെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകുമെന്ന പ്രതീക്ഷയിലാണ്‌നാട്ടുകാർ. കേട്ടറിഞ്ഞ തോട്ടപ്പുര കാണാൻ വിനോദസഞ്ചാരികൾ നിരവധിപേർ എല്ലാദിവസവും എത്തുന്നുണ്ട്. പൈതൃക സ്ഥാപനമായി നിലനിർത്താൻ സംസ്ഥാന സർക്കാരിനോട് കഴിഞ്ഞ ദിവസം നടന്ന പീരുമേട് പഞ്ചായത്ത് വികസന സമിതി യോഗം ആവശ്യമുന്നയിച്ചിട്ടുണ്ട്.